ഇന്നലെ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം കൂടെ കഴിഞ്ഞപ്പോൾ ഇംഗ്ലീഷ് ക്ലബുകളുടെ യൂറോപ്പിലെ പ്രകടനം വിലയിരുത്തിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴികെ ബാക്കി എല്ലാ ക്ലബുകളും ഗംഭീര പ്രകടനമാണ് നടത്തിയത് എന്ന് മനസ്സിലാക്കാം. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം നാലു ക്ലബുകളാണ് ഇംഗ്ലണ്ടിൽ നിന്ന് ഉണ്ടായിരുന്നാത്. ഇതിൽ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്.
ലിവർപൂൾ ആണെങ്കിൽ അയാക്സും അറ്റലാന്റയും ഒക്കെ ഉള്ള ഗ്രൂപ്പിൽ നിന്നാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായി യൂറോപ്പയിൽ പോയി കളിക്കേണ്ട അവസ്ഥയിൽ എത്തിയത്. പി എസ് ജിയെയും ലൈപ്സിഗിനെയും ഒക്കെ തോൽപ്പിച്ച് തുടങ്ങി എങ്കിലും പിന്നീട് യുണൈറ്റഡ് യൂറോപ്പിൽ തകരുക ആയിരുന്നു.
യൂറോപ്പിൽ മൂന്ന് ഇംഗ്ലീഷ് ക്ലബുകളാണ് കളിച്ചത്. സ്പർസും ലെസ്റ്റർ സിറ്റിയും ആഴ്സണലും ഒന്നാമതായി തന്നെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ആഴ്സണൽ എല്ലാ മത്സരവും വിജയിച്ചാണ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. ചാമ്പ്യൻസ് ലീഗിലെ നിരാശ യൂറോപ്പ ലീഗിൽ കിരീടവുമായി അവസാനിപ്പിക്കുക ആകും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം.