എഡോർഡോ ബോവിന്റെ ആരോഗ്യനിലയിൽ ആശ്വാസ വാർത്തകൾ പ്രതീക്ഷിച്ച് ഫുട്ബോൾ ലോകം കാത്തിരിപ്പ് തുടരുകയാണ്. AS റോമയിൽ നിന്ന് ഫിയോറൻ്റീനയിൽ ലോണിൽ കളിക്കുന്ന 22-കാരനായ മിഡ്‌ഫീൽഡർ, ഇന്നലെ ഇൻ്റർ മിലാനെതിരെ സീരി എ മത്സരത്തിനിടെ കുഴഞ്ഞുവീഴുക ആയിരുന്നു. 16-ാം മിനിറ്റിൽ ആയിരുന്നു സംഭവം. ഉടനടി കളി നിർത്തിവെച്ച് കളിക്കാരും മെഡിക്കൽ ടീമും അദ്ദേഹത്തിൻ്റെ പിന്തുണയ്ക്ക് എത്തി.
ബോവിനെ സ്ട്രെച്ചർ ചെയ്ത് പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. താരം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ഫാർമക്കോളജിക്കൽ മയക്കത്തിലാണെന്ന് ക്ലബ് ഫിയോറൻ്റീന സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ അദ്ദേഹത്തിൻ്റെ കേന്ദ്ര നാഡീവ്യൂഹങ്ങൾക്കും കാർഡിയോ ശ്വസനവ്യവസ്ഥകൾക്കും ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇത് ആശ്വാസ വാർത്തയാണ്.
ഫിയോറൻ്റീന പ്രസിഡൻ്റ് റോക്കോ കമ്മിസോയും ഇൻ്റർ മിലാൻ പ്രസിഡൻ്റ് ഗ്യൂസെപ്പെ മറോട്ടയും ബോവിനും കുടുംബത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്നലെ ഈ സംഭവത്തിനു ശേഷം മത്സരം നടന്നില്ല. ബോവിൻ്റെ ആരോഗ്യ സ്ഥിതിയിൽ കൂടുതൽ അപ്‌ഡേറ്റുകൾ ഇന്ന് പ്രതീക്ഷിക്കുന്നു.