സന്തോഷ് ട്രോഫി, ലക്ഷദ്വീപിന് രണ്ടാം മത്സരത്തിലും പരാജയം

- Advertisement -

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും ലക്ഷദ്വീപിന് തോൽവി. വെസ്റ്റ് സോണിലെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഗുജ്റാത്ത് ആണ് ലക്ഷദ്വീപിനെ ഇന്നലെ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗുജ്റാത്തിന്റെ ഇന്നലത്തെ വിജയം. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയോടും ലക്ഷദ്വീപ് പരാജയപ്പെട്ടിരുന്നു.

തുടക്കത്തിൽ ലീഡ് എടുത്ത ശേഷമാണ് ലക്ഷദ്വീപ് ഇന്നലെ തോറ്റത്. നസറുള്ള ആയിരുന്നു ദ്വീപിനായി 18ആം മിനുട്ടിൽ ഗോൾ നേടിയത്. എന്നാൽ 27ആം മിനുട്ടിൽ ഒരു ഫൗളിന് ലക്ഷദ്വീപ് കീപ്പർ മുഹമ്മദ് മുബാറകിന് ചുവപ്പ് കാർഡ് കിട്ടി. ആ ഫൗളിന് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ഗുജറാത്ത് ഒപ്പം എത്തുകയും ചെയ്തു. പവൻ ആണ് പെനാൾട്ടി എടുത്തത്. പിന്നീട് അയാന്റെ ഇരട്ട ഗോൾ ഗുജറാത്ത് ജയം ഉറപ്പിക്കുകയും ചെയ്തു.

സർവീസസ്, ദാമൻ ദിയു എന്നീ ടീമുകൾക്ക് എതിരെ ആണ് ഇനി ലക്ഷദ്വീപ് നേരിടുക.

Advertisement