ഡ്യൂറണ്ട് കപ്പിൽ ഒരു മത്സരം ശേഷിക്കെ തന്നെ ഗോകുലം കേരള എഫ് സി സെമി ഫൈനൽ ഉറപ്പിച്ചു. ഗോകുലത്തിന്റെ ഗ്രൂപ്പിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ചെന്നൈയിൻ എഫ് സിയും ട്രാവുവും തമ്മിലുള്ള മത്സരം ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് ഗോകുലം സെമി ഉറപ്പിച്ചത്. ഇന്നലെ ശക്തമായ ഇടിമിന്നൽ താരങ്ങൾക്ക് ഭീഷണി ആയതായതിനെ തുടർന്ന് മത്സരം പകുതിക്ക് വെച്ച് നിർത്തിയിരുന്നു.
കളിയിൽ ചെന്നെയിൻ എഫ് സി എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ട് നിൽക്കുമ്പോൾ ആയിരുന്നു കാലാവസ്ഥ മോശമായത്. ഇന്ന് മത്സരം പുനരാരംഭിക്കും എന്നാണ് ആദ്യം പറഞ്ഞിരുന്നത് എങ്കിലും ഇന്ന് ആ മത്സരം ഉപേക്ഷിച്ച് ഇരുടീമുകളു പോയന്റ് പങ്കുവെക്കാൻ തീരുമാനിച്ചു. ഇതോടെ ഗോകുലം ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. ഗോകുലത്തിന് ഇപ്പോൾ 2 മത്സരങ്ങളിൽ നിന്ന് 6 പോയന്റാണ് ഉള്ളത്.
ട്രാവുവും ചെന്നൈയിനും 2 മത്സരങ്ങളിൽ നിന്ന് 1 പോയന്റ് മാത്രമേ ഉള്ളൂ. ഇരുവർക്കും അവസാന മത്സരം വിജയിച്ചാലും ഗോകുലത്തിന് ഒപ്പം എത്താൻ ആവില്ല. രണ്ടാം സ്ഥാനത്ത് ഉള്ള എയർ ഫോഴ്സിന് 3 പോയന്റാണ് ഉള്ളത്. പക്ഷെ ഹെഡ് ടു ഹെഡിൽ ഗോകുലം മുന്നിൽ ആയതിനാൽ എയർഫോഴ്സുമായി പോയന്റ് ഒരുപോലെ ആയാലും ഗോകുലം തന്നെ ആകും സെമിയിലേക്ക് കടക്കുക. സെമിയിൽ ഈസ്റ്റ് ബംഗാളിനെ ആകും ഗോകുലം കേരള എഫ് സി നേരിടുക. അതിനു മുമ്പ് ഗോകുലം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ട്രാവുവിനെ നേരിടും.