ഡൂറണ്ട് കപ്പിൽ ഒഡീഷ എഫ് സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി സെമി ഫൈനലിൽ. ഇന്ന് അവസാന മിനുട്ടിൽ റോയ് കൃഷ്ണ നേടിയ ഗോളിന്റെ ബലത്തിൽ 2-1ന്റെ വിജയമാണ് ബെംഗളൂരു എഫ് സി നേടിയത്.
എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ആദ്യ 90 മിനുട്ടുകളിൽ അവസരങ്ങൾ കുറവായിരുന്നു. എന്നാൽ രണ്ടാം പകുതി അവസാനത്തിലേക്ക് കടക്കുന്ന സമയത്ത് ശുഭം സാരംഗി ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോയത് ഒഡീഷക്ക് തിരിച്ചടിയായി.
പത്തു പേരായി ചുരുങ്ങിയ ഒഡീഷ പിന്നീട് തീർത്തും ഡിഫൻസിലേക്ക് പോയി. എക്സ്ട്രാ ടൈമിൽ 96ആം മിനുട്ടിൽ യുവതാരം ശിവശക്തിയെ ബെംഗളൂരു എഫ് സി കളത്തിൽ ഇറക്കി. തൊട്ടടുത്ത മിനുട്ടിൽ താരം ബെംഗളൂരുവിന് ലീഡും നൽകി. ലിയോൺ അഗസ്റ്റിന്റെ ഷോട്ട് റീബൗണ്ട് ചെയ്താണ് ശിവശക്തി ഗോൾ നേടിയത്. ടൂർണമെന്റിലെ താരത്തിന്റെ നാലാം ഗോളായിരുന്നു ഇത്.
ഇതിനു ശേഷം കളി നിയന്ത്രിച്ച ബെംഗളൂരു എഫ് സിയെ ഞ്ഞെട്ടിച്ച് കൊണ്ട് 114ആം മിനുട്ടിൽ സമനില ഗോൾ വന്നു. സാഹിൽ എടുത്ത ഫ്രീകിക്കിൽ നിന്ന് വന്ന അവസരം മുതലാക്കി മൗറീസിയോ ആണ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്. ഇതോടെ സ്കോർ 1-1 എന്നായി. പത്തുപേരുമായി കളിച്ച ഒഡീഷ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് കൊണ്ടു പോകും എന്ന് കരുതിയ സമയത്ത് റോയ് കൃഷ്ണയുടെ വിജയ ഗോൾ വന്നു. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിലൂടെ ആണ് റോയ് കൃഷ്ണ ഗോൾ നേടിയത്. ഈ സ്ട്രൈക്ക് മത്സരത്തിലെ അവസാന കിക്കുമായി.