ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായകമായ അവസാന മത്സരത്തിൽ വിജയം നേടി നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇന്ന് ഡൗൺടൗൺ ഹീറോസിനെയാണ് അവർ കീഴടക്കിയത്. നോക് ഔട്ട് പ്രവേശനത്തിന് വിജയം ഉറപ്പാക്കേണ്ടിയിരുന്ന ഐഎസ്എൽ ടീമിന് വേണ്ടി ഇബ്സൻ, ഫിലിപ്പോറ്റൂ, പാർത്ഥിബ് ഗോഗോയി എന്നിവർ വല കുലുക്കി. പർവജ് ബുയ്യ ഡൗൺടൗണിന്റെ ഗോൾ കുറിച്ചു. ജയത്തോടെ ഏഴു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഗോവക്കോപ്പം നോർത്ത് ഈസ്റ്റ് എത്തിയെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗോവ തന്നെയാണ് മുന്നിൽ. ഇതോടെ നാളെ എയർ ഫോഴ്സിനെതിരെ വിജയിച്ചാലും കേരള ബ്ലാസ്റ്റേഴ്സിന് പ്രീ ക്വർട്ടറിൽ കടക്കാൻ കഴിയില്ലെന്ന് ഉറപ്പായി.
നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ചു കൊണ്ട് ഡൗൺടൗണാണ് ആദ്യം വല കുലുക്കിയത്. ഒൻപതാം മിനിറ്റിൽ തന്നെ പർവജിലൂടെ അവർ ലക്ഷ്യം കണ്ടു. എസ്കീലിന്റെ ഷോട്ട് നിയന്ത്രിക്കാനുള്ള കീപ്പറുടെ ശ്രമം പാളിയപ്പോൾ കൃത്യമായി ഇടപെട്ട് താരം വല കുലുക്കുകയായിരുന്നു. മത്സരം അരമണിക്കൂർ പിന്നിടവേ കോർണറിൽ നിന്നും എസ്കീലിന്റെ ഹെഡർ ലക്ഷ്യം കാണാതെ അവസാനിച്ചു.
ആദ്യ പകുതി ലീഡ് വഴങ്ങി കൊണ്ട് അവസാനിപ്പിച്ച നോർത്ത് ഈസ്റ്റ് പക്ഷെ, രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റ് തികയുന്നതിന് മുൻപ് സമനില ഗോൾ നേടി. ബോക്സിലേക്ക് എത്തിയ ക്രോസ് മിഗ്വെൽ സബാകോ ഹെഡറിലൂടെ മറിച്ചു നൽകിയ വലയിൽ എത്തിച്ചു കൊണ്ട് ഇബ്സനാണ് വല കുലുക്കിയത്. അൻപതാം മിനിറ്റിൽ ഫിലിപ്പോറ്റൂവിലൂടെ നോർത്ത് ഈസ്റ്റ് ലീഡും കരസ്ഥമാക്കി. എതിർ ബോക്സിന് തൊട്ടു പുറത്തു നിന്നും ഡൗൺടൗൺ താരത്തിൽ നിന്നും പന്ത് റഞ്ചുയെടുത്ത ഫിലിപ്പോറ്റൂ എതിർ താരങ്ങളെ മറികടന്ന് മുന്നേറി വല കുലുക്കുകയായിരുന്നു. 77ആം മിനിറ്റിൽ പിറകിൽ നിന്നെത്തിയ ലോങ് ബോൾ കാലിൽ കൊരുത്തു കൊണ്ട് ബോക്സിലേക്ക് കയറി പാർത്ഥിബ് നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് വിജയം ഉറപ്പിച്ചു. പിന്നീട് ഇമാദിന്റെയും അഫ്രീന്റെയും ഷോട്ടുകൾ തടഞ്ഞു കൊണ്ട് കീപ്പർ മിർഷാദും നിർണായ മത്സരത്തിൽ ടീമിന്റെ രക്ഷക്കെത്തി