പൊരുതി കളിച്ച ഇന്ത്യൻ ആർമിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ആദ്യ ക്വർട്ടർ ഫൈനൽ മത്സരത്തിൽ വിജയം കുറിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി. പലപ്പോഴും തുല്യ ശക്തികളുടെ പോരാട്ടമായി മാറിയ മത്സരത്തിൽ ഫാൽഗുണി നേടിയ ഏക ഗോളാണ് ഒടുവിൽ വിധി നിർണയിച്ചത്. നാളെ രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ ഗോകുലത്തെ നേരിടും.
ഐഎസ്എൽ ടീമിനെതിരെ ഒപ്പത്തിനൊപ്പം തുടങ്ങിയ ഇന്ത്യൻ ആർമിക്ക് തന്നെയാണ് ആദ്യത്തെ മികച്ച അവസരങ്ങളിൽ ഒന്നും ലഭിച്ചത്. ബോക്സിനുള്ളിൽ നിന്നും രാഹുലിന്റെ തകർപ്പൻ ഒരു ഷോട്ട് പക്ഷെ ബാറിനു മുകളിലൂടെ കടന്ന് പോയി. തൊട്ടു പിറകെ റോച്ചാർസല എതിർ താരങ്ങളെ വകഞ്ഞു മാറ്റി നൽകിയ അവസരത്തിൽ തികച്ചും മാർക്ക് ചെയ്യപ്പെടാതെ നിന്ന റൊമായിൻ ഫിലിപ്പോറ്റോവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. 36ആം മിനിറ്റിൽ ലോങ് ബോൾ പിടിച്ചെടുത്തു ഒന്ന് ഡ്രിബിൾ ചെയ്ത ശേഷം ലിറ്റൺ ഷിൽ തൊടുത്ത ഷോട്ട് മിർഷാദ് സേവ് ചെയ്‌തു. ഒടുവിൽ 51ആം മിനിറ്റിൽ മത്സരത്തിന്റെ വിധി നിശ്ചയിച്ച ഗോൾ എത്തി. മൻവീറിനെ കണക്കാക്കി നെസ്റ്ററിന്റെ മികച്ചൊരു ക്രോസ് എതിർ ബോക്സിലേക്ക് എത്തിയപ്പോൾ താരം ദുർഷകരമായ ആംഗിളിൽ നിന്നും ഹെഡർ ഉതിർത്തു. എന്നാൽ ശക്തമല്ലാത്ത ഷോട്ട് ക്ലിയർ ചെയ്യുന്നതിൽ ആർമി പ്രതിരോധത്തിന് പിഴച്ചപ്പോൾ ഓടിയെത്തിയ ഫാൽഗുനി വല കുലുക്കുകയായിരുന്നു. അവസാന നിമിഷങ്ങൾ ഇന്ത്യൻ ആർമി സർവ്വ ശക്തിയും എടുത്തു സമനില ഗോളിന് വേണ്ടി ശ്രമിച്ചെങ്കിലും നോർത്ത് ഈസ്റ്റ് പ്രതിരോധം ഉറച്ചു നിന്നു.