ഡ്യൂറന്റ് കപ്പ് ക്വാർട്ടറിൽ ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് കൊണ്ട് സെമി ബർത്ത് ഉറപ്പിച്ച് എഫ്സി ഗോവ. നോവ സദോയി, കാർലോസ് മർട്ടിനസ്, കാൾ മാക്ഹ്യുഗ്, വിക്റ്റർ റോഡ്രിഗ്വസ് എന്നിവരാണ് ഇന്ന് നടന്ന മത്സരത്തിൽ ഗോവക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ചെന്നൈയിന്റെ ഒരേയോരു ഗോൾ ബികാശ് സ്വന്തം പേരിൽ കുറിച്ചു. ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നാണ് ഗോവ ജയം സ്വന്തമാക്കിയത്. ഗോളും അസിസ്റ്റുമായി നോവ സദോയ് മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ സമ്പൂർണ വിജയവുമായി ഗ്രൂപ്പ് ഘട്ടം കടന്നെത്തിയ ചെന്നൈയിന്റെ ടൂർണമെന്റിലെ പോരാട്ടം അവസാനിച്ചു.
ചെന്നൈയിന്റെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ അഞ്ചു മിനിറ്റ് പൂർത്തിയാവും മുൻപ് ലീഡ് എടുക്കാനും അവർക്കായി. കോർണറിൽ നിന്നും ഹെഡറുമായി വല കുലുക്കി ബികാഷ് ആണ് ചെന്നൈയിന് ലീഡ് നൽകിയത്. എന്നാൽ ഗോവ ഉടൻ മത്സരത്തിലേക്ക് തിരികെ വന്നു. പന്ത് കൂടുതലും കൈവശം വെക്കാൻ ശ്രമിച്ച അവർക്ക് വേണ്ടി നോവ സദോയി ആണ് പല നീക്കങ്ങളും മെനഞ്ഞെടുത്തത്. താരത്തിന്റെ ക്രോസിൽ നിന്നും കർലോസിന്റെ ഹെഡർ പോസ്റ്റിലിടിച്ചു മടങ്ങി. തൊട്ടു പിറകെ നോവയുടെ ഷോട്ട് പോസ്റ്റിന് തൊട്ടു മുൻപിലൂടെ കടന്ന് പോയപ്പോൾ അവസാന ടച്ച് നൽകാനും കാർലോസിന് സാധിച്ചില്ല. ഒടുവിൽ 30ആം മിനിറ്റിൽ ഗോവ അർഹിച്ച സമനില ഗോൾ നേടി. വലത് വിങ്ങിൽ നിന്നും ബ്രണ്ടൻ നൽകിയ ക്രോസ് ബോക്സിനുള്ളിൽ നൊവ സദോയി കാൾ മാക്ഹ്യുവിന് ഹെഡറിലൂടെ മറിച്ചു നൽകിയപ്പോൾ താരം അനായാസം വല കുലുക്കി. ആറു മിനിറ്റിനു ശേഷം എതിർ പ്രതിരോധത്തിന്റെ പിഴവിൽ ബോസ്കിനുള്ളിൽ പന്ത് കാലിൽ എത്തിയ കാർലോസ് ചിപ്പ് ചെയ്തവണ്ണം ബോക്സിലേക്ക് പന്തെത്തിച്ച് ഗോവക്ക് ലീഡും സമ്മാനിച്ചു.
രണ്ടാം ഭൂരിഭാഗം സമയവും സ്കോർ നില മാറ്റമില്ലാതെ തുടർന്നു. ബ്രണ്ടർ ഫെർണാണ്ടസിന്റെ ഫ്രീകിക്കിൽ ജിങ്കന്റെ ഹെഡർ പോസ്റ്റിനിരുമി കടന്ന് പോയി. ആകാഷിന്റെ ഫ്രീകിക്ക് ഗോവ കീപ്പർ ധീരജ് തട്ടിയകറ്റി. പിന്നീട് ഇഞ്ചുറി ടൈമിൽ ഗോവ വീണ്ടും ലക്ഷ്യം കണ്ടു. മക്ഹ്യൂഗ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഓഫ്സൈഡ് കേട്ടു പൊട്ടിച്ചു നിയന്ത്രിച്ചു കീപ്പറേയും മറികടന്ന് നോവ വല കുലുക്കുകയായിരുന്നു. ഒടുവിൽ ബോറിസിന്റെ അസിസ്റ്റിൽ നിന്നും വിക്റ്റർ റോഡ്രിഗ്വസിന്റെ തകർപ്പൻ ഫിനിഷിങ് കൂടി ആയപ്പോൾ ഗോവ സ്കോർഷീറ്റ് പൂർത്തിയാക്കി.