ഇഞ്ചുറി ടൈമിൽ സമനില ഗോൾ, ഷൂട്ട് ഔട്ടിൽ വിജയം; വീരോചിതം ഡ്യൂറന്റ് കപ്പ് ഫൈനലിലേക്ക് കടന്ന് ഈസ്റ്റ് ബംഗാൾ

Nihal Basheer

Screenshot 20230829 203725 X
Download the Fanport app now!
Appstore Badge
Google Play Badge 1

കൈവിട്ടെന്ന് ഉറപ്പിച്ച മത്സരം ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സമനിലയിൽ എത്തിക്കുക, തുടർന്ന് ഷൂട്ട് ഔട്ടിൽ ഗംഭീര തിരിച്ചു വരവും. ഇന്ന് നടന്ന സെമി ഫൈനൽ പോരാട്ടത്തിന്റെ ഭൂരിഭാഗം സമയവും ലീഡ് കൈവശം വെച്ച നോർത്ത് ഈസ്റ്റിനെ നിമിഷ നേരം കൊണ്ട് കണ്ണീരിൽ ആഴ്ത്തി ഈസ്റ്റ് ബംഗാൾ സ്വപ്നസമാനമായ പോരാട്ടത്തിലൂടെ ഡ്യൂറന്റ് കപ്പ് ഫൈനലിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. മുഴുവൻ സമയത്തു രണ്ടു ഗോൾ വീതമടിച്ചു ടീമുകൾ പിരിഞ്ഞതോടെ ഒടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ജേതാക്കളെ തീരുമാനിച്ചത്. നോർത്ത് ഈസ്റ്റിന് വേണ്ടി സബാക്കോ, ഫാൽഗുണി എന്നിവർ വല കുലുക്കി. ഈസ്റ്റ് ബംഗാളിന്റെ മറുപടി ഗോളുകളിൽ ഒന്ന് സെൽഫ് ഗോൾ ആയിരുന്നു. മറ്റൊരു ഗോൾ നന്ദകുമാർ കണ്ടെത്തി.
Screenshot 20230829 203651 X
നോർത്ത് ഈസ്റ്റിന് തന്നെയാണ് മത്സരത്തിലെ ആദ്യ മികച്ച അവസരം ലഭിച്ചത്. മൂന്നാം മിനിറ്റിൽ തന്നെ ബോക്സിനുള്ളിൽ നിന്നും മൻവീർ തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. നോർത്ത് ഈസ്റ്റ് കൗണ്ടറിന് തുടക്കത്തിലെ തടയിട്ട് പന്ത് കൈക്കലാക്കിയ പാഡ്രോ തൊടുത്ത ലോങ് റേഞ്ചർ മിർഷാദ് തട്ടിയകറ്റി. 22ആം മിനിറ്റിൽ ആദ്യ ഗോൾ എത്തി. ബോക്സിന് പുറത്തു നിന്നും ഫാൽഗുണി നൽകിയ ക്രോസ് മികച്ചൊരു ഹെഡറിലൂടെ സബാക്കോ വലയിൽ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ലീഡ് ഇരട്ടിയാക്കി. പിൻനിരയിൽ നിന്നും എത്തിയാ ലോങ് ബോൾ കാലിൽ കൊരുത്ത് ബോക്സിനുള്ളിലേക്ക് കുതിച്ച് എതിർ താരങ്ങൾക്കിടയിലൂടെ ഫാൽഗുണി തൊടുത്ത ഷോട്ട് കീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിലേക്ക് തന്നെ കയറി. രണ്ടാം ഗോളും വഴങ്ങിയതോടെ ഈസ്റ്റ് ബംഗാൾ ആക്രമണം മാത്രം ലക്ഷ്യമിട്ട് നീക്കങ്ങൾ മെനഞ്ഞു. ഇതോടെ പലപ്പോഴും ഒഴിച്ചിട്ടു പോയ പ്രതിരോധത്തിലേക്ക് നോർത്ത് ഈസ്റ്റ് കടന്നു കയറിയെങ്കിലും കൂടുതൽ ഗോൾ കണ്ടെത്താൻ ആവർക്കായില്ല. പല കൗണ്ടർ നീക്കങ്ങളും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കാതെ പോയതിന് അവർ വില നൽകേണ്ടിയും വന്നു. ഇത്തരമൊരു നീക്കത്തിൽ റോമയിന്റെ ഷോട്ട് പോസ്റ്റിന് തൊട്ടരുമി കടന്ന് പോയി.

ഒടുവിൽ 76ആം മിനിറ്റിൽ ഉറച്ചു നിന്ന നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ ഈസ്റ്റ് ബംഗാൾ ആദ്യ വിള്ളൽ വീഴ്ത്തി. നെറോം മഹേഷ് തൊടുത്ത ഷോട്ട് നോർത്ത് ഈസ്റ്റ് താരത്തിൽ തട്ടി ഗതിമാറി പോസ്റ്റിലേക്ക് കയറിയപ്പോൾ മിർഷാദിന് നോക്കി നിൽക്കാനെ സാധിച്ചുള്ളൂ. പിന്നീടും മത്സരം ഈസ്റ്റ് ബംഗാളിന്റെ ആക്രമണവും നോർത്ത് ഈസ്റ്റിന്റെ പ്രതിരോധ കോട്ടയും ആയി തന്നെ തുടർന്നു. ഇഞ്ചുറി ടൈമിൽ ഗോൾ സ്‌കോറർ സബാക്കോ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോയത് നോർത്ത് ഈസ്റ്റിന് മറ്റൊരു തിരിച്ചടി ആയി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ നന്ദകുമാറിന്റെ ഹെഡർ നോർത്ത് ഈസ്റ്റിന്റെ ഹൃദയം പിളർന്ന് കൊണ്ട് വലയിൽ എത്തി. ഫ്രീകിക്കിൽ നിന്നെത്തിയ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ശ്രമം മിർഷാദ് തടഞ്ഞിട്ടപ്പോൾ ക്ലീറ്റൺ സിൽവ നൽകിയ ക്രോസിൽ നിന്നും നന്ദകുമാർ തൊടുത്ത ഹെഡർ കീപ്പർക്ക് കൈക്കലാക്കാൻ സാധിച്ചില്ല.

തുടർന്ന് മത്സരം പെനാൽറ്റിയിലേക്ക് കടന്നു. ഈസ്റ്റ് ബംഗാൾ അഞ്ച് പെനാൽറ്റികളും വലയിൽ എത്തിച്ചപ്പോൾ നോർത്ത് ഈസ്റ്റിന് നാലെണ്ണമേ ലക്ഷ്യം കാണാൻ ആയുള്ളൂ. പാർത്ഥിബ് ഗോഗോയിൽ എടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. താരത്തിന്റെ ആദ്യ പെനാൽറ്റി കീപ്പർ സേവ് ചെയ്‌തെങ്കിലും ഗിൽ, ഗോൾ ലൈൻ വിട്ടു കയറിയതിനാൽ റഫറി റീ ടെക്ക് വിളിക്കുകയായിരുന്നു. എന്നാൽ ഈ അവസരവും മുതലാക്കാൻ പാർത്ഥിഭിനായില്ല. ഇതോടെ ഈസ്റ്റ് ബംഗാൾ ഫൈനൽ ഉറപ്പിച്ചു.