എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ജംഷദ്പൂരിനെ തകർത്ത് ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ബിയിൽ മുംബൈ സിറ്റിക്ക് തുടർച്ചയായ രണ്ടാം ജയം. മുൻ നിര താരങ്ങളുമായി തന്നെ ഇറങ്ങിയ മുംബൈക്ക് വേണ്ടി നൊഗ്വെര, വാൻ നീഫ്, വിക്രം സിങ് എന്നിവർ വല കുലുക്കിയപ്പോൾ പെരേര ഡിയാസ് ഇരട്ട ഗോളുകൾ കണ്ടെത്തി. ഇതോടെ ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് മുംബൈ സിറ്റി.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ വല കുലുക്കി കൊണ്ട് മുംബൈ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചു. പേരെര ഡിയാസ് ആണ് വല കുലുക്കിയത്. വിക്രം പ്രതാപിന്റെ പോസ്റ്റിന് മുന്നിലേക്ക് വന്ന പാസിൽ താരം അനായാസം ലക്ഷ്യം കാണുകയായിരുന്നു. ഇതിനു മുൻപ് ഗ്രെഗ് സ്റ്റുവർട്ടിന്റെ ഫ്രീകിക്കിൽ നിന്നും മേഹ്താബിന്റെ ഹെഡർ ജംഷാദ്പൂർ കീപ്പർ മോഹിത് രക്ഷപ്പെടുത്തി. താരത്തിന്റെ സേവുകൾ ആണ് മത്സരത്തിൽ ഉടനീളം കൂടുതൽ ഗോൾ വഴങ്ങാതെ ടീമിനെ രക്ഷിച്ചത്.14ആം മിനിറ്റിൽ രണ്ടാം ഗോൾ എത്തി. ഇടത് വിങ്ങിൽ ബിപിൻ നൽകിയ പാസ് ഡിയാസ്, നോഗ്വെരക്ക് കൈമാറിയ ശേഷം ഉടൻ തിരിച്ചു സ്വീകരിച്ചു വല കുലുക്കി. പിന്നീട് പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും ബിപിന്റെ മികച്ചൊരു ഹെഡർ കീപ്പർ അത്ഭുതകരമായി രക്ഷപ്പെടുത്തി. വിക്രം പ്രതിപ്പിന് ലഭിച്ച അവസരവും കീപ്പർ നേരെ തന്നെ ആയി. 40ആം മിനിറ്റിൽ പേരെര ഡിയസുമായി ചേർന്ന നീക്കം ചിപ്പ് ചെയ്ത് വലയിൽ ഇട്ട് നൊഗ്വെര തന്റെ ക്ലാസ് തെളിയിച്ചു.
രണ്ടാം പകുതിയുടെ തുടക്കം തന്നെ മുംബൈ സിറ്റിയുടെ ഗോൾ കണ്ടായിരുന്നു. കോർണറിൽ നിന്നെത്തിയ പന്ത് ബോക്സിൽ താരങ്ങൾക്കിടയിലൂടെ പിച്ച് ചെയ്തു തന്റെ മുന്നിൽ എത്തിയപ്പോൾ വാൻ നീഫിന് പോസ്റ്റിലേക്ക് തിരിച്ചു വിടേണ്ട ചുമതലയെ ഉണ്ടായിരുന്നുള്ളൂ. 47 ആം മിനിറ്റിലാണ് നാലാം ഗോൾ പിറന്നത്. ഏഴു മിനിറ്റിനു ശേഷം ഗ്രെഗ് സ്റ്റുവർട്ടിന്റെ ക്രോസിൽ ഡൈവിങ് ഹെഡർ ഉതിർത്ത് വിക്രം പ്രതാപ് വല കുലുക്കി. അവസാന മിനിറ്റുകളിൽ ഗുർകീരത്തിന് അവസരം ലഭിച്ചെങ്കിലും ശക്തിയില്ലാത്ത ഷോട്ട് കീപ്പർ നേരെ ആയി.