ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ബിയിൽ മൂന്നാം മത്സരത്തിലും വിജയം തുടർന്ന് മുംബൈ സിറ്റി എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിയേയാണ് ഐഎസ്എൽ ടീം കീഴടക്കിയത്. പേരെര ഡിയാസ്, ഗ്രെഗ് സ്റ്റുവർട്, ഗുർകീരത്, നാഥൻ എന്നിവർ വല കുലുക്കിയപ്പോൾ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചാണ് മുംബൈ ടൂർണമെന്റിലെ കുതിപ്പ് തുടർന്നത്. ഒറ്റ മത്സരവും വിജയിക്കാൻ ആവാതെ നേവി ടൂർണമെന്റിനോട് വിടവാങ്ങി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തിന് വേണ്ടി ജംഷദ്പൂരും മുഹമ്മദൻ സ്പോർട്ടിങും മാറ്റുരക്കും.
നോക്ക്ഔട്ട് യോഗ്യതക്ക് വലിയ ഭീഷണി ഇല്ലെങ്കിലും മുൻനിര താരങ്ങളെ എല്ലാം അണിനിരത്തിയാണ് മുംബൈ കളത്തിൽ എത്തിയത്. ചാങ്തെ, ഡിയാസ്, ഗ്രെഗ് സ്റ്റുവർട്ട്, നോഗ്വെര, ബിപിൻ തുടങ്ങിയവരെല്ലാം കളത്തിൽ എത്തി. എങ്കിലും ആദ്യ ഗോൾ കണ്ടെത്താൻ 33ആം മിനിറ്റ് വരെ അവർക്ക് കാത്തിരിക്കേണ്ടി വന്നു. ബിപിൻ സിങ്ങിന്റെ പാസിൽ നിന്നും പേരെര ഡിയാസ് ആണ് വല കുലുക്കിയത്. 62ആം മിനിറ്റിൽ മുംബൈ ലീഡ് ഉയർത്തി. ചാങ്തെ ബോക്സിനുള്ളിൽ നിന്നും തൂക്കിയിട്ട് നൽകിയ പന്തിൽ പോസ്റ്റിന് മുൻപിൽ വെച്ചു ഹെഡർ ഉതിർത്ത് ഗ്രെഗ് സ്റ്റുവർട്ട് ഗോൾ നേടുകയായിരുന്നു. ഗ്രെഗ് സ്റ്റുവർട്ടുമായി പാസ് ഇട്ട് മുന്നേറി ബോക്സിലെത്തിയ ശേഷം ഷോട്ട് ഉതിർത്ത് ഗുർകീരത് ടീമിന്റെ മൂന്നാം ഗോൾ നേടി. ഒടുവിൽ ഇഞ്ചുറി ടൈമിൽ കോർണറിൽ നിന്നെത്തിയ പന്തിൽ ഷോട്ട് ഉതിർത്ത് യുവതാരം നാഥൻ ആഷെറും വല കുലുക്കിയതോടെ പട്ടിക പൂർത്തിയായി.