ഡ്യൂറന്റ് കപ്പ്; ഗോളുമായി മലയാളി താരം നെമിൽ, വിജയവുമായി എഫ്സി ഗോവ

Nihal Basheer

Screenshot 20230816 180620 X
Download the Fanport app now!
Appstore Badge
Google Play Badge 1

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിൽ വിജയവുമായി എഫ്സി ഗോവ. മലയാളി താരം നെമിൽ വല കുലുക്കിയ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഡൗൺടൗൺ ഹീറോസ് എഫ്‌സിയെയാണ് ഗോവ കീഴടക്കിയത്. മാർട്ടിനസ്, ദേവേന്ദ്ര എന്നിവരും വല കുലുക്കി. ഇതോടെ ഐഎസ്എൽ ടീം ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാക്കി. എന്നാൽ അടുത്ത ഘട്ടത്തിലേക്ക് ടിക്കറ്റ് ഉറപ്പിക്കാൻ നോർത്ത് ഈസ്റ്റിന്റെ മത്സരം കൂടി കഴിയാൻ ഗോവ കാത്തിരിക്കണം. വലിയ മർജിനിൽ ജയിച്ചാൽ മാത്രമേ നോർത്ത് ഈസ്റ്റിന് സാധ്യത ഉള്ളൂ എന്നതിനാൽ ആത്മവിശ്വാസത്തിൽ തന്നെ ആവും ഗോവ.
Durand cup 2023
ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ കണ്ടെത്തി എഫ്സി ഗോവ മത്സരത്തിന്റെ വിധി നിർണയിച്ചിരുന്നു. തുടക്കത്തിൽ തന്നെ നോവയുടെ പാസിൽ നിന്നും ബോക്സിനുള്ളിൽ വല കുലുക്കാനുള്ള അവസരം നെമിൽ നഷ്ടപ്പെടുത്തി. നോവയുടെ തകർപ്പൻ ഒരു ഷോട്ട് ഡൗൺടൗൺ കീപ്പർ തട്ടിയറ്റി. പത്തൊൻപതാം മിനിറ്റിൽ നെമിലിലൂടെ ഗോവ ലീഡ് എടുത്തു. കാർലോസ് മാർട്ടിനസ് ബോക്സിന് തൊട്ടു പുറത്തായി നൽകിയ അവസരം നെമിൽ ബുള്ളറ്റ് ഷോട്ടുമായി വലയിൽ എത്തിക്കുകയായിരുന്നു. താരത്തിന്റെ ടൂർണമെന്റിലെ ആദ്യ ഗോൾ ആയിരുന്നു ഇത്. തൊട്ടു പിറകെ നെമിലിന് ബോക്സിനുള്ളിൽ ലഭിച്ച അവസരം കീപ്പർ തടുത്തു. റൗളിൻ ബോർജസിന്റെ ഷോട്ട് വഴി മാറി പോയി. മാർടിനസിന്റെ ഷോട്ട് എതിർ കീപ്പർ ഇമ്രാൻ അനായാസം കൈക്കലാക്കി. 38ആം മിനിറ്റിൽ ഉദാന്തയുടെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്ത് മാർട്ടിനസ് രണ്ടാം ഗോൾ നേടി. തൊട്ടു പിറകെ വീണ്ടും ഗോൾ നേടാൻ നോവക്ക് ലഭിച്ച അവസരം കീപ്പർ തടുത്തു. ഉദാന്തയുടെ ബോക്സിനുള്ളിൽ നിന്നുള്ള സുവർണാവസരവും തടഞ്ഞു കീപ്പർ ഡൗൺടൗണിനെ കൂടുതൽ ഗോൾ വഴങ്ങാതെ ആദ്യ പകുതിയിൽ കാത്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ നോവയുടെ ഫ്രീകിക്ക് പോസ്റ്റിനിരുമി കടന്ന് പോയി. ഡൗൺടൗണിന് മത്സരത്തിൽ ലഭിച്ച ചുരുക്കം അവസരങ്ങളിൽ ഒന്നിൽ ഹഫീസിന്റെ ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചു. പാർവജ് ഭുയിയ തൊടുത്ത ഷോട്ട് കീപ്പറുടെ കൈകളിൽ അവസാനിച്ചു. കാർലോസ് മാർട്ടിനസിന്റെ ഷോട്ട് ലക്ഷ്യം തെറ്റി പറന്നു. ബോക്സിന് പുറത്തു നിന്നും ചിപ്പ് ചെയ്തിടാനുള്ള ഗോവൻ താരം റൊമേറോയുടെ ശ്രമം വലക്ക് മീതെ അവസാനിച്ചു. പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുമുള്ള താരത്തിന്റെ ഹെഡർ ശ്രമം കീപ്പർ കൈക്കലാക്കി. ഒടുവിൽ ഇഞ്ചുറി ടൈമിൽ ഡൗൺടൗൺ കീപ്പർ ഇമ്രാന്റെ ഒറ്റയാൾ പോരാട്ടം അവസാനിപ്പിച്ചു കൊണ്ട് ദേവെന്ദ്രാ ടീമിന്റെ മൂന്നാം ഗോളും നേടി. നോവയുടെ പാസ് ക്ലിയർ ചെയ്യുന്നതിൽ കീപ്പറുടെ അലംഭാവം മുതലെടുത്തു കൊണ്ടാണ് താരം വല കുലുക്കിയത്.