130ആമത് ഡ്യൂറണ്ട് കപ്പിൽ കേരളത്തിന്റെ ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീം തന്നെയാകും ഡ്യൂറണ്ട് കപ്പിൽ കളിക്കുന്നത്. ഡ്യൂറണ്ട് കപ്പിൽ കളിക്കുന്നത് പുതിയ സീസണായുള്ള മികച്ച തയ്യാറെടുപ്പ് ആയിരിക്കും എന്നു കേരള ബ്ലാസ്റ്റേഴ്സ് കരുതുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇതിനകം തന്നെ കൊച്ചിയിൽ പ്രീസീസൺ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ആറ് ഐ എസ് എൽ ക്ലബുകൾ ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കും.
ഹൈദരാബാദ് എഫ് സി, ബെംഗളൂരു എഫ് സി, എഫ് സി ഗോവ എന്നിവർ ഡ്യൂറണ്ട് കപ്പിൽ കളിക്കും എന്ന് ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. രണ്ട് ഐ എസ് എൽ ക്ലബുകൾ കൂടെ അവരുടെ പങ്കാളിത്തം ഉറപ്പിക്കാൻ ഉണ്ട്. ഗോകുലം കേരളയും ഡ്യൂറണ്ട് കപ്പിൽ കളിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ രണ്ട് ടീമുകളുടെയും സീനിയർ ടീമുകൾ ഒരു ടൂർണമെന്റിൽ കളിക്കുന്നു എന്നത് മലയാളികൾക്ക് ആവേശം നൽകും.
അടുത്ത മാസം കൊൽക്കത്തയിൽ വെച്ച് ആണ് ടൂർണമെന്റ് നടക്കുന്നത്.സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 3 വരെയാകും ടൂർണമെന്റ് നടക്കുക. 16 ടീമുകളാകും ഇത്തവണ ഡൂറണ്ട് കപ്പിൽ കളിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം ഉൾപ്പെടെ ആറു ഐലീഗ് ക്ലബുകളും, ആറ് ഐ എസ് എൽ ക്ലബുകളും ടൂർണമെന്റിൽ പങ്കെടുക്കും. ഇന്ത്യൻ നേവി, എയർ ഫോഴ്സ്, ഇന്ത്യൻ ആർമി എന്നീ ടീമുകളും ഇത്തവണ ഡൂറണ്ട് കപ്പിൽ ഉണ്ടാകും. ആർമിയുടെ രണ്ട് ടീമുകൾ ആകും പതിവു പോലെ ചാമ്പ്യൻഷിപ്പിന് ഇറങ്ങുക.
നാലു ഗ്രൂപ്പുകളിലായാകും മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സും ഇത്തവണ ടീമിനെ അയക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ബയോ ബബിളിൽ ആകും ടൂർണമെന്റ് നടക്കുക. 2019ൽ ടൂർണമെന്റ് നടന്നപ്പോൾ മോഹൻ ബഗാനെ ഫൈനലിൽ വീഴ്ത്തിയാണ് ഗോകുലം കേരള കിരീടത്തിൽ മുത്തമിട്ടത്.