കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ പതിനാല് മുതൽ അരിമ്പ്ര സ്കൂൾ മൈതാനത്ത് നടന്നു വരുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഫുട്ബോൾ മേളയുടെ ഫൈനൽ മത്സരങ്ങൾ നാളെ നടക്കും.
ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് അണ്ടർ -17 ടൂർണ്ണമെന്റിന്റെ ഫൈനലിൽ രാജ്യ പ്രശസ്ത സ്പോർട്സ് സ്കൂളായ തിരുവനന്തപുരം ജി.വി രാജയും സുബ്രതോ മുഖർജി ഇന്റർനാഷണൽ സ്കൂൾ ഫുട്ബോളിൽ മൂന്നു തവണ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുള്ള ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് ഫുൾടീമിനെ അണിനിരത്തുന്ന മൊറയൂർ എഫ്.എയും തമ്മിലും ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് ടൂർണ്ണമെന്റിന്റെ ഫൈനലിൽ സന്തോഷ് ട്രോഫി താരങ്ങളെ കളത്തിലിറക്കുന്ന ടീമുകളായ കരുവൻതിരുത്തി ബാങ്ക് കോഴിക്കോടും ന്യൂ സോക്കർ ക്ലബ്ബ് മലപ്പുറവും തമ്മിലും ഏറ്റുമുട്ടും.
ജി.വി രാജയും മൊറയൂർ എഫ്.എ യും തമ്മിലുള്ള മത്സരം ഉച്ചയ്ക്ക് രണ്ടര മണിയ്ക്കും (2.30 PM) കരുവൻതിരുത്തി ബാങ്കും ന്യൂ സോക്കർ മലപ്പുറവും തമ്മിലുള്ള മത്സരം വൈകുന്നേരം നാല് മണിയ്ക്കും (4. 00 PM) ആരംഭിയ്ക്കും.
സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ ട്രോഫികൾ വിതരണം ചെയ്യും, മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റർ ജനപ്രതിനിധികൾ, പ്രമുഖരായ ദേശീയ സ്പോർട്സ് താരങ്ങൾ പ്രദേശത്തെ പൗരപ്രമുഖർ ചടങ്ങിൽ സംബന്ധിയ്ക്കും.