കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് നടന്ന ഒന്നും രണ്ടും ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ യഥാക്രമം ജി.വി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം ഏക പക്ഷീയമായ ഒരു ഗോളിന് (1-0) കെ.വൈ.ഡി.എഫ് കൊണ്ടോട്ടിയെയും ഓറഞ്ച് ഫുട്ബോൾ സ്ക്കൂൾ ബേപ്പൂർ ഏകപക്ഷീയമായ ഒരു ഗോളിന് (1-0)വി.എഫ്.എ വാണിയമ്പലത്തെയും പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു.
ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോക്ടർ അൻവർ റഹ്മാൻ, മുൻ മലപ്പുറം ജില്ലാ വോളിബോൾ താരങ്ങളായ ഇ.ഹനീഫ, കെ.അഷ്റഫ്, ഷബീർ അലി മൻസൂർ, സ്കൂൾ പി.ടി.എ അംഗം സി.സി ജയരാജൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കും വൈകിട്ട് നാല് മണിയ്ക്കും നടക്കുന്ന മൂന്നും നാലും ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ യഥാക്രമം ലൂക്കാ സോക്കർ അക്കാദമി മലപ്പുറം യുനീക്ക് ഫുട്ബോൾ അക്കാദമി വണ്ടൂരിനെയും മൊറയൂർ ഫുട്ബോൾ അക്കാദമി ബ്ലാക്ക് ഹോഴ്സ് ഫുട്ബോൾ അക്കാദമി പാലക്കാടിനെയും നേരിടും.