അടുത്ത ലോകകപ്പിലും ദെഷാംസ് തന്നെ ഫ്രാൻസിന്റെ പരിശീലകൻ

Staff Reporter

ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംസ് 2026 ലോകകപ്പ് വരെ ഫ്രഞ്ച് ടീമിനൊപ്പം തുടരും. ഖത്തർ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ദെഷാംസ് പരിശീലക സ്ഥാനം ഒഴിയുമെന്നു കരുതപ്പെട്ടെങ്കിലും 2026 ലോകകപ്പ് വരെ പരിശീലകനായി തുടരാൻ ദെഷാംസ് തീരുമാനിക്കുകയായിരുന്നു.

ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ നൽകിയ പുതിയ കരാർ പ്രകാരം മൂന്നര വർഷം കൂടെ ദെഷാംസ് ഫ്രഞ്ച് പരിശീലകനായി തുടരും. കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിൽ വെച്ചാണ് 2026ലെ ലോകകപ്പ് നടക്കുന്നത്.

കഴിഞ്ഞ 11 വർഷം ഫ്രഞ്ച് ടീമിനെ പരിശീലിപ്പിച്ച ദെഷാംസ് അവർക്ക് 2018ൽ ലോകകപ്പ് കിരീടവും നേഷൻസ് ലീഗ് കിരീടവും നേടികൊടുത്തിട്ടുണ്ട്. ഈ കഴിഞ്ഞ ഖത്തർ ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് അർജന്റീനയോട് ദെഷാംസിന്റെ ഫ്രാൻസ് പരാജയപ്പെട്ടത്.