അർജന്റീനക്ക് ആശ്വാസം, ഡി മരിയ ഉടനെ തിരിച്ചെത്തും

ആരാധകരെ ആശങ്കയിൽ ആഴ്ത്തിയ ഏഞ്ചൽ ഡി മരിയയുടെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ യുവന്റസ് ഔദ്യോഗികമായി അറിയിച്ചു. വലത് തുടക്കേറ്റ പരിക്ക് കാരണം ഇരുപത് ദിവസമാണ് പൂർണ്ണാരോഗ്യം വീണ്ടെടുക്കാൻ താരത്തിന് വേണ്ടിവരികയെന്ന് ക്ലബ്ബ് അറിയിച്ചു. ഇതോടെ ലോകകപ്പിന് മുൻപ് തന്നെ കളത്തിലേക്ക് ഡി മരിയക്ക് തിരിച്ചെത്താൻ കഴിയുമെന്ന് ഉറപ്പായിരിക്കുകയാണ്.

മക്കാബി ഹൈഫക്കെതിരായ മത്സരത്തിലാണ് മുപ്പത്തിനാലുകാരന് പരിക്കേറ്റത്. ഇരുപത്തിനാലാം മിനിറ്റിൽ തന്നെ താരത്തിന് ബെഞ്ചിലേക്ക് പിന്മാറേണ്ടിയും വന്നിരുന്നു. ലോകകപ്പ് അടുത്തിരിക്കെ അർജന്റീനൻ ആരാധകരെ ഇത് കുറച്ചൊന്നുമല്ല ആധിയിൽ ആഴ്ത്തിയത്. യുവന്റസിനാകട്ടെ സീരി എയിൽ ഇന്റർ മിലാൻ, ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി എന്നിവരെ ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് നേരിടേണ്ടതുള്ളതിനാൽ ഡി മരിയയുടെ പരിക്ക് അവരെയും ആശങ്കയിൽ ആഴ്ത്തിയിരുന്നു. എന്നാൽ ഈ മത്സരങ്ങൾക്ക് ഒരു പക്ഷെ താരത്തിന് തിരിച്ചെത്താൻ സാധിച്ചേക്കും എന്നാണ് സൂചനകൾ.