അങ്ങനെ ഡെറിക് പെരേരയുടെ നിയമനം ഔദ്യോഗികമായി. ഇന്ത്യൻ അണ്ടർ 23 പരിശീലകനായി ഡെറിക് പെരേര എത്തുമെന്ന് ആഴ്ചകളോളമായി വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. എങ്കിലും ഈ വാർത്ത സ്ഥിതീകരിക്കാൻ എ ഐ എഫ് എഫ് ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ ഇന്ന് എ ഐ എഫ് എഫ് തന്നെ ഔദ്യോഗികമായി ഡെറിക് പെരേരയുടെ നിയമനം പ്രഖ്യാപിച്ചു.
ഇന്ത്യ ഫുട്ബോളിൽ നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന പരിശീലകനാണ് ഡെറിക്. എ എഫ് സി അണ്ടർ 23 യോഗ്യത ആകും ഡെറികിന്റെ ആദ്യ ചുമതല. അടുത്ത മാസം ഉസ്ബെകിസ്ഥാനിൽ വെച്ചാണ് ഇന്ത്യയുടെ എ എഫ് സി അണ്ടർ 23 യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
എഫ് സി ഗോവയുടെ അസിസ്റ്റന്റ് കോച്ച് ആയിരുന്നു ഡെറിക് പെരേര. കഴിഞ്ഞ സൂപ്പർ കപ്പിൽ ലൊബേരയുടെ അഭാവത്തിൽ എഫ് സി ഗോവയുടെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. മുൻ ചർച്ചിൽ ബ്രദേഴ്സ് പരിശീലകൻ കൂടിയാണ് ഇദ്ദേഹം.