തന്റെ പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യജ വാർത്തക്കെതിരെ രോഷം പ്രകടിപ്പിച്ച് ബാഴ്‌സലോണ താരം മെംഫിസ് ഡീപെയ്. നിലവിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന താരം ലോകകപ്പിന് ഫിറ്റ്നസ് നിലനിർത്തുന്നതിന് വേണ്ടി ക്ലബ്ബിന് വേണ്ടിയുള്ള തന്റെ മടങ്ങി വരവ് വൈകിപ്പിക്കുന്നു എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനെതിരെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം പ്രതിഷേധം അറിയിച്ചത്.
“താൻ കരുതിക്കൂട്ടി പരിക്കിൽ നിന്നുള്ള തിരിച്ച് വരവ് വൈകിപ്പിക്കുന്നു എന്ന തരത്തിൽ വളരെ അപമാനകരമായ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടു. ഒട്ടും അടിസ്ഥാനമില്ലാത്ത ഈ വാർത്ത തന്റെ പേര് കളങ്കപ്പെടുത്താൻ വഴിയൊരുക്കും. എന്റെ പ്രൊഫഷണലിസത്തെ ഒരിക്കലും ചോദ്യം ചെയ്യരുത്.” ഡീപെയ് കുറിച്ചു.
സ്പാനിഷ് മാധ്യമമായ “എഎസ്” ആണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വിട്ടത്. ഡീപെയ് മനപ്പൂർവ്വം തന്റെ മടങ്ങി വരവ് വൈകിപ്പിക്കുന്നു എന്ന് ബാഴ്‌സയിലെ ചിലർ വിശ്വസിക്കുന്നു എന്നായിരുന്നു വാർത്ത. നേഷൻസ് ലീഗിനിടെ പരിക്കേറ്റ താരം അഞ്ച് ആഴ്ച്ച പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു ആദ്യം സൂചന എങ്കിൽ ആറു വാരം കഴിഞ്ഞിട്ടും കളത്തിലേക്ക് മടങ്ങിയെത്തിയില്ല എന്നും എഎസ് ചൂണ്ടിക്കാണിച്ചു. ഡച്ച് ടീമിന്റെ സുപ്രധാന താരമായ ഡീപെയ് ലോകകപ് മുന്നിൽ കണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നും റിപ്പോർട്ട് ചെയ്തു. ഈ വാർത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് മറുപടിയുമായി താരം തന്നെ എത്തിയത്.