മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ ആയി ഡേവിഡ് ഡി ഹിയ ഇനി ഇല്ല. താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു എന്നും ഇനി കാര്യങ്ങൾ മാറില്ല എന്നും ഉറപ്പായി. ഡി ഹിയ തന്നെ യുണൈറ്റഡിനീട് യാത്ര പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ട സമയമാണെന്നും ഈ ക്ലബ് എന്നും തന്റെ മനസ്സിൽ ഉണ്ടാകും എന്നും ഡി ഹിയ കുറിച്ചു.
ജൂലൈ 1ആം തീയതിയോടെ ഡി ഹിയ ഫ്രീ ഏജന്റായി മാറിയിരുന്നു. സൗദി അറേബ്യൻ ക്ലബുമായി ഡി ഹിയയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ ആ ചർച്ചകൾ പകുതിക്ക് അവസാനിച്ചു. ഡി ഹിയയുടെ അടുത്ത യാത്ര എങ്ങോട്ട് ആകും എന്ന് വ്യക്തമല്ല.
ടെൻ ഹാഗ് കുറച്ചു കൂടെ പിറകിൽ നിന്ന് കളി ബിൽഡ് ചെയ്യാൻ ആകുന്ന ഒരു ഗോൾ കീപ്പറെ ആണ് ആഗ്രഹിക്കുന്നത്. അതാണ് യുണൈറ്റഡ് ഡി ഹിയയെ വിശ്വസിക്കാതിരിക്കാൻ കാരണം. താരം ക്ലബിൽ തുടർന്നാലും ഒന്നാം നമ്പർ ആയിരിക്കും എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് ടെൻ ഹാഗ് പറഞ്ഞിരുന്നു. ഇന്റർ മികാൻ ഗോൾ കീപ്പർ ഒനാനയെ സൈൻ ചെയ്യാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ഈ ട്രാൻസ്ഫർ ഈ ആഴ്ച പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നാലു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരമായി മാറിയിട്ടുള്ള താരമാണ് ഡി ഹിയ. ഈ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവും നേടിയിരുന്നു.