ഗോവ: എ.എഫ്.സി. ചാമ്പ്യൻസ് ലീഗ് ടു ടൂർണമെന്റിൽ എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് വരില്ല. എഫ്.സി. ഗോവ മാനേജ്‌മെന്റിന്റെ പ്രത്യേക അഭ്യർത്ഥനകൾ ഉണ്ടായിരുന്നിട്ടും, ക്ലബ്ബായ അൽ-നസ്ർ അധികൃതരുമായും റൊണാൾഡോയുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് താരത്തിന്റെ ഈ തീരുമാനം.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി തന്റെ ശാരീരികക്ഷമതയും യാത്രകളും ശ്രദ്ധയോടെ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് റൊണാൾഡോ ഗോവയിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
റൊണാൾഡോ ഇല്ലെങ്കിലും, അൽ-നസ്റിലെ മറ്റ് പ്രമുഖ താരങ്ങളായ സാഡിയോ മാനെ, ജാവോ ഫെലിക്സ് എന്നിവർ മത്സരത്തിനായി ഇന്ത്യയിലേക്ക് എത്തുമെന്നാണ് സൂചന. വിസ അപേക്ഷാ നടപടികൾക്കായി അൽ-നസ്ർ സമർപ്പിച്ച ടീം പട്ടികയിൽ എഫ്.സി. ഗോവ മാനേജ്‌മെന്റ് റൊണാൾഡോയെ ഉൾപ്പെടുത്തിയിരുന്നു. എങ്കിലും താരത്തിന്റെ പങ്കാളിത്തത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വലിയ ആകർഷണമാകുമായിരുന്ന റൊണാൾഡോയുടെ അഭാവം ആരാധകരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. റൊണാൾഡോ ഇല്ലെങ്കിൽ പോലും മാനെ, ഫെലിക്സ് എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രമുഖ താരങ്ങൾ അണിനിരക്കുന്നതിനാൽ മത്സരം ശ്രദ്ധേയമാവുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.