ഹിഗ്വയിനും റാംസിയും കോപ ഇറ്റാലിയ ഫൈനലിനും ഉണ്ടാകില്ല

ബുധനാഴ്ച നടക്കുന്ന കോപ ഇറ്റാലിയ ഫൈനലിലും യുവന്റസിന്റെ പ്രമുഖരായ മൂന്ന് താരങ്ങൾ ഉണ്ടാവില്ല. ക്യാപ്റ്റൻ കിയെല്ലിനി, റാംസി, ഹിഗ്വയിൻ എന്നിവർ ആകും ഫൈനലിന് ഉണ്ടാകാത്തത്‌. മൂവരും ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ല എന്നാണ് ക്ലബ് ഡോക്ടർമാർ പറയുന്നത്. എ സി മിലാനെതിരായ സെമി ഫൈനലിൽ ഇവർ മൂന്ന് താരങ്ങളും ഉണ്ടായിരുന്നില്ല.

ഹിഗ്വയിന്റെ അഭാവത്തിൽ ഡിബാല, റൊണാൾഡോ, ഡഗ്ലസ് കോസ്റ്റ എന്നിവർ തന്നെ ആകും അറ്റാക്കിൽ ഇറങ്ങുക. കിയെല്ലിനി ഇല്ലാത്തതിനാൽ ബൊണൂചിയും ഡിലിറ്റും സെന്റർ ബാക്കിൽ ഇറങ്ങും. റോമിൽ വെച്ച് നടക്കുന്ന ഫൈനലിൽ നാപോളിയെ ആകും യുവന്റസ് നേരിടുക.