ബാഴ്‌സലോണയുടെ വിജയകുതിപ്പിന് അന്ത്യം. ഈ സീസണിൽ ഒരൊറ്റ തോൽവി പോലും വഴങ്ങാതെ കുതിച്ച ബാഴ്‌സക്ക് എസ്പാന്യോളാണ് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചത്. കോപ്പ് ഡെൽ റേ കോർട്ടർ ഫൈനലിൽ എസ്പാന്യോളിനെ നേരിട്ട ബാഴ്സ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയം ഏറ്റു വാങ്ങിയത്. മത്സരത്തിൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയതും നിർണായകമായി. സ്കോർ 0-0 യിൽ നിൽക്കുമ്പോഴാണ് മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയത്.
രാകിറ്റിച്, സുവാരസ് എന്നിവരെ ബെഞ്ചിൽ ഇരുത്തിയാണ് ബാഴ്സ ടീമിനെ ഇറക്കിയത്. മെസ്സി ആദ്യ ഇലവനിൽ തന്നെ കളിച്ചിരുന്നു. കാർലെസ് അലനെ, അലക്‌സി വിദാൽ എന്നിവരും ബാഴ്സ നിരയിൽ ഇടം നേടി. ആദ്യ പകുതിയിൽ ബാഴ്സ ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതി 15 മിനുറ്റ് പിന്നിട്ടിട്ടും ഗോൾ കണ്ടെത്താനാവാതെ വന്നതോടെ വാൽവർടെ ലൂയിസ് സുവാരസിനെ കളത്തിലിറക്കി. 62 ആം മിനുട്ടിൽ സെർജിയോ റെബേർട്ടോയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി ബാഴ്സക്ക് പെനാൽറ്റി അനുവദിച്ചു. പക്ഷെ മെസ്സിയുടെ കിക്ക് എസ്പാന്യോൾ ഗോളി ഡീഗോ ലോപ്പസ് തടുത്തു. 88 ആം മിനുട്ടിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ എസ്പാന്യോൾ 88 ആം മിനുട്ടിൽ സ്വന്തം മൈതാനത്ത് ബാഴ്സകെതിരെ ഗോൾ നേടി. ഓസ്‌കാർ മേലെൻഡോയാണ് ഗോൾ നേടിയത്. പിന്നീട് സമനില ഗോൾ കണ്ടെത്താൻ ബാഴ്സക്ക് പറ്റാതെ വന്നതോടെ വാൽവേർഡക്ക് ബാഴ്സ പരിശീലകൻ എന്ന നിലയിൽ ആദ്യ തോൽവി എത്തി. ഈ മാസം 25 ആം തിയതിയാണ് രണ്ടാം പാദ മത്സരം ക്യാമ്പ് നൂവിൽ അരങ്ങേറുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial