റയൽ സോസിഡാഡ് കോപ ഡെൽ റേ ചാമ്പ്യന്മാർ, 34 വർഷത്തിനു ശേഷം ഒരു കിരീടം

സ്പയിനിൽ ഒരു കിരീടത്തിനായുള്ള റയൽ സോസിഡാഡിന്റെ നീണ്ടകാലത്തെ കാത്തിരിപ്പിന് അവസാനം. ഇന്നലെ കോപ ഡെൽ റേ കിരീടം അവർ ഉയർത്തി. 34 വർഷത്തിനു ശേഷമാണ് റയൽ സോസിഡാഡ് ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്. 2019-20 സീസണിലെ കോപ ഡെൽ റേ ഫൈനലാണ് ഇന്നലെ നടന്നത്. കൊറോണ കാരണം കഴിഞ്ഞ വർഷം മാറ്റിവെച്ച ഫൈനലാണിത്. അത്ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് സോസിഡാഡ് തോൽപ്പിച്ചത്.

മൈകിൾ ഒയർസബാലിന്റെ ഒരു പെനാൾട്ടി ആണ് വിജയ ഗോളായി മാറിയത്. മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവ സോസിഡാഡിൽ എത്തിയ ആദ്യ സീസണിൽ തന്നെ കിരീടം നേടി എന്ന പ്രത്യേകതയും ഈ കിരീടത്തിന് ഉണ്ട്. സിൽവയുടെ കരിയറിലെ ഇരുപതാം കിരീടമായിരുന്നു ഇത്. ഇനി ഈ സീസണിലെ കോപ ഡെൽ റേ ഫൈനൽ മത്സരം നടക്കാനുണ്ട്. 17ന് നടക്കുന്ന ഫൈനലിൽ ബാഴ്സലോണയും അത്ലറ്റിക് ബിൽബാവോയും ആണ് നേർക്കുനേർ വരുന്നത്.