അർജന്റീനക്കും മെസ്സിക്കും മറുപടിയുമായി കോപ്പ അമേരിക്ക സെമി ഫൈനൽ നിയന്ത്രിച്ച റഫറി രംഗത്ത്. ബ്രസീൽ- അർജന്റീന സെമിയിൽ റഫറിയുടെ പിഴവുകൾ ചൂണ്ടിക്കാട്ടി അതി രൂക്ഷ വിമർശനമാണ് അർജന്റീനയുടെ ക്യാപ്റ്റൻ കൂടിയായ മെസ്സി റഫറിക്ക് എതിരെ ഉന്നയിച്ചത്. എന്നാൽ ഇതെല്ലാം തോറ്റവരുടെ സ്ഥിരം അടവുകൾ ആണെന്നാണ് അന്ന് മത്സരം നിയന്ത്രിച ഇക്വഡോർ റഫറി റോഡ്രി സബ്രാനോയുടെ പക്ഷം.
അർജന്റീന അർഹിച്ച 2 പെനാൽറ്റികൾ റഫറി അനുവദിച്ചില്ല എന്നതായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും പ്രധാന ആരോപണം. എന്നാൽ തന്റെ ജോലിയിൽ താൻ 100 ശതമാനവും സുതാര്യം ആയിരുന്നു എന്നും പരമാവധി മികച്ച രീതിയിൽ തന്നെ ചെയ്തതായും റഫറി ഇക്വഡോർ റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. സെമിഫൈനൽ കടുത്തത് ആകുമെന്ന് അറിയാമായിരുന്നു, തോറ്റവർ റഫറിമാരെ പഴിക്കും. മത്സരത്തിന് മുൻപേ തന്നെ തോറ്റ ടീം തങ്ങളെ പഴിക്കും എന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്നും റഫറി വ്യക്തമാക്കി.
റഫറിമാർക്ക് പുറമെ കോപ്പ അമേരിക്ക സംഘാടകർക്ക് നേരെയും മെസ്സി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായി സംഘാടകരും നേരത്തെ രംഗത്ത് വന്നിരുന്നു. വരും ദിവസങ്ങളിൽ മെസ്സിക്കെതിരെ അച്ചടക്ക നടപടികൾ വരാനും സാധ്യതയുണ്ട്.