കോപ്പ അമേരിക്കയിൽ അട്ടിമറിയിലൂടെ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തോൽപ്പിച്ച് പെറു ഫൈനൽ ഉറപ്പിച്ചു. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു പെറുവിന്റെ ജയം. ഫൈനലിൽ എത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട ടീം ചിലി ആയിരുന്നെങ്കിലും പെറു എല്ലാ മുൻവിധികളെയും മറികടന്ന് ഫൈനൽ ഉറപ്പിക്കുകയായിരുന്നു. ഫൈനലിൽ ബ്രസീൽ ആണ് പെറുവിന്റെ എതിരാളികൾ. 1975ന് ശേഷം ആദ്യമായിട്ടാണ് പെറു കോപ്പ അമേരിക്ക ഫൈനലിൽ എത്തുന്നത്. നേരത്തെ കോപ്പ അമേരിക്കയുടെ ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് പെറുവിനെ തോൽപ്പിച്ചിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തിയ പെറു 21ആം മിനുട്ടിൽ എഡിസൺ ഫ്ലോറസിലൂടെ മുൻപിലെത്തി. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ പെറു തങ്ങളുടെ രണ്ടാമത്തെ ഗോളും നേടി. ഇത്തവണ ചിലി ഗോൾ കീപ്പർ ഗബ്രിയേൽ അരിയസിന്റെ പിഴവ് മുതലെടുത്താണ് യോഷിമാർ യോട്യൂൺ പെറുവിന്റെ ലീഡ് ഇരട്ടിയാക്കിയത്.
രണ്ട് ഗോൾ വഴങ്ങിയതോടെ ചിലി ഉണർന്ന് കളിച്ചെങ്കിലും മികച്ച പ്രതിരോധം സൃഷ്ടിച്ച് പെറു ചിലി ആക്രമണങ്ങളുടെ മുനയൊടിച്ചു. പെറു ഗോൾ കീപ്പർ പെഡ്രോ ഗലാസ് നടത്തിയ മികച്ച സേവുകളും പെറുവിന് തുണയായി. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ തങ്ങളുടെ മൂന്നാമത്തെ ഗോളും നേടി പെറു തങ്ങളുടെ ഫൈനൽ ഉറപ്പിക്കുകയായിരുന്നു. ക്യാപ്റ്റൻ പൗളോ ഗുറെറോയാണ് ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കുന്നതിന് മുൻപ് ചിലിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കിക്ക് എടുത്ത എഡ്‌വാർഡൊ വർഗസിന്റെ പനേക ചിലി ഗോൾ കീപ്പർ പെഡ്രോ ഗലാസ് രക്ഷപ്പെടുത്തുകയും ചെയ്തു.