കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഉറുഗ്വക്ക് തോൽവി. പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് പെറു ഉറുഗ്വയെ തോൽപ്പിച്ചത്. ബാഴ്‌സലോണ താരം ലൂയിസ് സുവാരസ് പെനാൽറ്റി ഷൂട്ട്ഔട്ടിൽ കിക്ക് മിസ് ആക്കിയതാണ് ഉറുഗ്വക്ക് തിരിച്ചടിയായത്. ഉറുഗ്വക്ക് വേണ്ടി ആദ്യം പെനാൽറ്റി കിക്ക് എടുത്ത സുവാരസിന്റെ ശ്രമം പെറു ഗോൾ കീപ്പർ പെഡ്രോ ഗാലെസെ രക്ഷപ്പെടുത്തുകയായിരുന്നു. നിശ്‌ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ പെറു 5-4ന് മത്സരം ജയിച്ച് സെമി ഉറപ്പിക്കുകയും ചെയ്തു.
പ്രതിരോധത്മക ഫുട്ബോളുമായി ഇറങ്ങിയ പെറു ഉറുഗ്വൻ പ്രതിരോധ നിരയെ കൂടുതൽ പരീക്ഷിക്കാനായിരുന്നില്ല. എഡിസൺ കവാനിക്കും ഗോഡിനും കിട്ടിയ സുവർണ്ണാവസരങ്ങൾ ഇരു താരങ്ങളും പുറത്തടിച്ചു കളയുകയും ചെയ്തത് ഉറുഗ്വക്ക് തിരിച്ചടിയായി. മത്സരത്തിൽ കവാനിയും സുവാരസും രണ്ടു തവണ പന്ത് പെറു വലയിൽ എത്തിച്ചെങ്കിലും വാർ ഇടപെട്ട് ഓഫ്‌സൈഡ് വിളിച്ചതും ഉറുഗ്വക്ക് വിനയായി. കൊളംബിയയെ തോൽപ്പിച്ച് സെമിയിൽ എത്തിയ ചിലിയാണ് പെറുവിന്റെ എതിരാളികൾ.