കോപ്പ അമേരിക്ക ഫൈനലിൽ നിന്ന് ബ്രസീൽ താരം ഗബ്രിയേൽ ജീസുസിനെ വിലക്കിയതിനെതിരെ സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെതിരെ വിമർശനവുമായി ബ്രസീൽ സൂപ്പർ താരം നെയ്മർ. കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ചിലിക്കെതിരെ ജീസുസിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ചിലി താരം ഇഗ്നിയോ മെനയെ ഫൗൾ ചെയ്തതിനാണ് റഫറി നേരിട്ട് ചുവപ്പ്കാർഡ് നൽകിയത്. തുടർന്ന് പെറുവിനെതിരായ ബ്രസീലിന്റെ കോപ്പ അമേരിക്ക സെമി ഫൈനൽ പോരാട്ടം ജീസുസിന് നഷ്ടമായിരുന്നു.
എന്നാൽ താരത്തിന് ഒരു മത്സരത്തിൽ നിന്ന് കൂടി വിലക്കാൻ സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഈ തീരുമാനത്തിനെതിരെ വിമർശനവുമായി നെയ്മർ രംഗത്തെത്തിയത്. ഇത്തരത്തിൽ തീരുമാനങ്ങൾ എടുക്കുന്ന ആളുകളുടെ കൈകളിലായിരിക്കുന്നത് വളരെ സങ്കടകരമാണെന്നും അവർ കളിയെ വളരെ മനോഹരമായ രീതിയിൽ വിശകലനം ചെയ്തെന്നും പരിഹാസരൂപേണ നെയ്മർ പറഞ്ഞു.