നാളെ പുലർച്ചെ പരാഗ്വയെ നേരിടാൻ ഇറങ്ങുന്ന അർജന്റീനയ്ക്ക് വിജയിച്ചാൽ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ ആകും. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയെ തോൽപ്പിച്ച് കൊണ്ട് അർജന്റീന വിജയ വഴിയിലേക്ക് വന്നിരുന്നു. 4 പോയിന്റുമായി അർജന്റീന ആണ് ഗ്രൂപ്പ് എയിൽ ഒന്നാമത് ഉള്ളത്. ചിലിക്കും 4 പോയിന്റുണ്ട്. ഒരു മത്സരം മാത്രം കളിച്ച പരാഗ്വേ മൂന്ന് പോയിന്റുമായി മൂന്നാമത് നിൽക്കുകയാണ്.
അർജന്റീനയുടെ ആദ്യ രണ്ടു മത്സരങ്ങളിലും നിർണായകമായത് മെസ്സിയുടെ പ്രകടനങ്ങളായിരുന്നു. മെസ്സിയുടെ അർജന്റീനക്ക് വേണ്ടിയുള്ള 147ആം മത്സരമാകും ഇത്. മസ്കെരാനോയുടെ റെക്കോർഡിനൊപ്പം മെസ്സി ഇതോടെ എത്തും. പരിക്കേറ്റ ലൊ സെൽസോയും നികോ ഗോൺസാലസും പരാഗ്വേക്ക് എതിരെ കളിക്കില്ല. ഇവർക്ക് പകരമായി പലാസിയോസും ഡി മറിയയും ആദ്യ ഇലവനിലേക്കെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോപ അമേരിക്ക ടൂർണമെന്റിൽ അർജന്റീനയും പരാഗ്വേയും ഇതിനകം 22 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും അർജന്റീനയെ തോല്പ്പിക്കാൻ പരാഗ്വേക്ക് ആയിട്ടില്ല. നാളെ പുലർച്ചെ 530നാണ് മത്സരം. പുലർച്ചെ 2.30ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഉറുഗ്വേ ചിലിയെയും നേരിടും.