കൊളംബിയൻ താരം വില്ല്യം ടെസിയ്യോക്ക് വധ ഭീഷണി. ചിലിയോട് പരാജയമേറ്റ് കോപ അമേരിക്കയിൽ നിന്ന് കൊളംബിയ പുറത്തായിരുന്നു. ഗ്രൂപ്പ് സ്റ്റേജിൽ വെടിക്കെട്ട് പ്രകടനം കാഴ്ച്ച വെച്ച കൊളംബിയ ഫൈനലിൽ എത്തുമെന്നാണ് ഭൂരിഭാഗം ഫുട്ബോൾ ആരാധകരും കരുതിയത്. എന്നാൽ മത്സരത്തിൽ അപ്രതീക്ഷിതമായി പെനാൽറ്റിയിൽ തകർന്ന് കൊളംബിയ കോപയിൽ നിന്നും പുറത്തായി. അന്ന് പെനാൽറ്റി നഷ്ടമാക്കിയ വില്ല്യം ടെസിയ്യോയ്ക്ക് സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഒട്ടേറെ വധഭീഷണികൾ ഉയർന്നു.
ടെസിയ്യോയുടെ ഭാര്യയാണ് ഇൻസ്റ്റഗ്രാമിലൂടെ വധഭീഷണിയെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്. കൊളംബിയൻ ദേശീയ ടീമിന്റെ പിന്തുണ താരത്തിനുണ്ട്. പല താരങ്ങളും ടെസിയ്യോയെ പിന്തുണച്ച് രംഗത്ത് വന്നു. 1994 ലോകകപ്പിലെ സെൽഫ് ഗോളിന് പിന്നാലെ കൊളംബിയൻ താരം ആന്ദ്രെസ് എസ്കൊബാർ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ വധഭീഷണിയെ അധികൃതർ വിലകുറച്ച് കാണുന്നില്ല. എസ്കൊബാറിന്റെ ഗതി തന്നെ ടെസിയ്യോക്കും വരട്ടേയെന്ന പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.