ആന്ദ്രസ് എസ്കോബാർ – ഫുട്‌ബോളിന്റെ രക്തസാക്ഷി!

ഇന്ന് മറ്റൊരു ജൂലൈ 2, ഇന്നാണ് ആ ദുരന്തദിനം. ആന്ദ്രസ് എസ്‌കോബാർ കൊല്ലപ്പെട്ട ദിനം. ‘മാജിക്കൽ റിയലിസം’ ലോകത്തിന്, ലോകസാഹിത്യത്തിനു സമ്മാനിച്ച രാജ്യമായിരുന്നു എസ്കോബാറിന്റെ കൊളംബിയ. തന്റെ നോവലുകൾ കൊണ്ട് താൻ സൃഷ്ടിച്ച മാക്കാൻഡ അടക്കമുള്ള സാങ്കൽപ്പിക നഗരവും അവിടുത്തെ മനുഷ്യരെയും കൊണ്ട് ലോകത്തിന് മുന്നിൽ മാന്ത്രിക, സ്വപ്ന ലോകം തുറന്ന ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ നാട്. ഇവിടെയാണ്‌ മാജിക്കൽ റിയലിസം കൊളംബിയയിൽ പിറന്നതിൽ ഒരതിശയവും ഇല്ല എന്തെന്നാൽ സാഹിത്യതത്തേ സിനിമയെ വെല്ലുന്ന കഥകളാണ് കൊളംബിയയിൽ ഓരോ ദിനവും നടക്കുന്നത് എന്ന് ആമുഖത്തിൽ പറഞ്ഞു കൊണ്ടാണ് നെറ്റ്ഫ്ലിക്സിന്റെ ഈയിടെ ഏറെ ശ്രദ്ധിക്കപെട്ട കൊളംബിയൻ മയക്ക് മരുന്ന് മാഫിയെ കുറിച്ചും അതിലെ കിരീടം വെക്കാത്ത രാജാവുമായിരുന്ന പാബ്ലോ എസ്‌കോബാറിനെ കുറിച്ചുള്ള ടി.വി പരമ്പര ‘നാർകോസ്’ തുടങ്ങുന്നത്. മയക്ക് മരുന്ന് മാഫിയകൾ രാജ്യം ഭരിക്കുന്ന, തെരുവ് കയ്യേറുന്ന, ആളെ കൂട്ടക്കുരുതി നടത്തുന്ന, ഭരണകൂടതത്തെ പോലും ഭീഷണിയിൽ നിർത്തുന്ന ആ ഇരുണ്ട ഭാവിയിൽ നിന്ന് ഇന്നും പാബ്ലോയുടെ മരണം കഴിഞ്ഞു ഇത്ര വർഷങ്ങളായിട്ടും കൊളംബിയ അത്രയൊന്നും മാറിയിട്ടില്ല എന്നതാണ് സത്യം. ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ ഹെറോയിൻ ഉത്പാദിപ്പിക്കുന്ന, മയക്കുമരുന്ന് മാഫിയകൾ നിർലോഭം വിലസുന്ന, മയക്കുമരുന്ന് രാജാക്കന്മാർ അതിസമ്പന്നരായി വാഴുന്ന നാട് തന്നെയാണ് ഒരുപരിധിവരെ കൊളംബിയ.

അതേ പറഞ്ഞു വന്നത് പാബ്ലോയെ പറ്റിയല്ല മറ്റൊരു എസ്‌കോബാറിനെ പറ്റിയാണ്. ലോകത്തിന്റെ കണ്ണീരായ, ഫുട്‌ബോളിന്റെ രക്തസാക്ഷി ആയ, ഫുട്‌ബോൾ ആരാധകരുടെ ഏറ്റവും വലിയ നൊമ്പരമായ ആന്ദ്രസ് എസ്‌കോബാറിനെ കുറിച്ച്. കളിക്കളത്തിലെ ഒരബദ്ധത്തിനു ആ താരം തന്റെ ജീവൻ തന്നെ വില നൽകേണ്ടി വന്നത് ലോകം വിറങ്ങലിച്ചാണ് നോക്കി നിന്നത്. 1994 ലോകകപ്പ് ഫുട്‌ബോൾ, പ്രതീക്ഷകൾ വാനോളമായിരുന്നു കൊളംബിയയിൽ. ലാറ്റിനമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ഒന്നാമത് എത്തിയ കൊളംബിയ അർജന്റീനയെ അവരുടെ നാട്ടിൽ എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു തകർത്തത്. ഫുട്‌ബോളിൽ മാന്യതയുടെ പ്രതിരൂപം എന്നു ആളുകൾ വിളിച്ച ആന്ദ്രസ് നയിച്ച സാക്ഷാൽ കാർലോസ് വാൾഡരെയും ഫ്രഡി റിൻകോനും അലക്സ് ഗാർസിയയും അടങ്ങിയ കൊളംബിയയുടെ സുവർണ തലമുറ ആ ലോകകപ്പ് ഉയർത്തും എന്നു പ്രവചിച്ചത് ഇതിഹാസ താരം പെലെ തന്നെയായിരുന്നു.

 

എന്നാൽ ആദ്യമത്സരത്തിൽ റൊമാനിയയോട് 3-1 നു അപ്രതീക്ഷ തോൽവി വഴങ്ങിയ കൊളംബിയക്ക് അമേരിക്കക്ക് എതിരായ രണ്ടാം മത്സരത്തിൽ ജയം എന്നതിൽ കുറഞ്ഞതോന്നും ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ മത്സരത്തിന്റെ 22 മിനിറ്റിൽ ആന്ദ്രസിന്റെ കാലിൽ തട്ടി ബോൾ സ്വന്തം വലയിൽ പതിച്ചപ്പോൾ പലരും അദ്ദേഹത്തിന്റെ ജീവന് വിലയിട്ടിരുന്നു. ആ മത്സരം 2-1 നു തോറ്റ കൊളംബിയ മൂന്നാം മത്സരത്തിൽ സ്വിസ്സ് ടീമിനെ 2-0 ത്തിന് തോല്പിച്ചിട്ടും ലോകകപ്പിൽ നിന്ന് പുറത്തേക്ക്. തകർന്നു പോയ ആന്ദ്രസ് പക്ഷെ എന്താണ് വരാനിരിക്കുന്നത് എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കളിക്കളത്തിലെ ആ അബദ്ധത്തിനു തനിക്ക് നൽകേണ്ടി വരിക തന്റെ സ്വന്തം ജീവനായിരിക്കും എന്ന് ആ 27 കാരം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ച് കാണില്ല.

പാബ്ലോ എസ്‌കോബാറിന്റെ ജന്മനാടായിരുന്നു കൊളംബിയൻ നഗരം മെഡലിൻ. ഫുട്‌ബോലിനെ സ്‌നേഹിച്ച പാബ്ലോക്ക് സ്വന്തമായൊരു ഫുട്‌ബോൾ ടീം വരെ അവിടുത്തെ ലീഗിൽ ഉണ്ടായിരുന്നു. കൂടാതെ കൊളംബിയയുടെ ഫുട്‌ബോൾ താരങ്ങളിൽ പലരും വിഖ്യാത ഗോൾ കീപ്പർ ഹിഗ്വിറ്റ അടക്കം പാബ്ലോയുടെ സൗഹൃദവലയത്തിൽ ഉണ്ടായിരുന്നു. എന്നാൽ 500 ലേറെ പ്രമുഖരും നിരപരാധികളുടെയും രക്തം കലർന്ന പാബ്ലോയുടെ കൈ കൊളംബിയക്ക് എന്നും ഒരു ഭീക്ഷണി തന്നെയായിരുന്നു. പാവങ്ങളെ സഹായിച്ച് അവരുടെ സ്വന്തമെന്നറിയപ്പെട്ട പാബ്ലോ ഒരു രാജാവിനെ പോലെയാണ് മെഡലിനിൽ ജീവിച്ചത്. ഈ മെഡലിൻ തന്നെയായിരുന്നു ആന്ദ്രസ് എസ്‌കോബാറിന്റേതും ജന്മനാട്. 1993 ൽ ഒരുപാട് രക്തം ചൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ പാബ്ലോ കൊല്ലപ്പെട്ടു. അതിനു ശേഷം ഒരു അക്ഷരാർത്ഥത്തിൽ ഒരു ഭ്രാന്തനഗരമായി മെഡലിൻ മാറി. അവിടുത്തെ ഒരു നിശാക്ലബിലേക്കാണ് 1994 ജൂലൈ 2 നു രാത്രി ആന്ദ്രസ് അവസാനമായി വണ്ടി ഓടിച്ചു പോയത്. ലോകകപ്പ് പന്തയത്തിൽ പണം നഷ്ടപ്പെട്ട മുമ്പ് പാബ്ലോയുടെ സംഘത്തിൽ ഉണ്ടായിരുന്ന ഗാല്ലോൻ സഹോദരങ്ങളുടെ അംഗരക്ഷകൻ ഹെമ്പർട്ട് കാർലോ മുനെസ് കാരിലായിരുന്ന ആന്ദ്രസിന്റെ നേരെ വെടിയുണ്ടകൾ പായിച്ചു. ഓരോ വെടി ഉത്തർത്തതുമ്പോഴും അയ്യാൾ ‘ഗോൾ, ഗോൾ’ അലറിവിളിച്ചു. അങ്ങനെ ആ രാത്രി ആന്ദ്രസ് ലോകത്തിന്റെ കണ്ണീരായി.

എന്നും കൊളംബിയയുടേതും തന്റെ ക്ലബ്‌ അത്ലറ്റികോ നാഷണലിന്റേതും വിശ്വസ്ഥ പ്രതിരോധഭടനായ ആ രണ്ടാം നമ്പർ കാരന്റെ മരണം കൊളംബിയെയും ലോകത്തേയും ഞെട്ടിച്ചു. ഏതാണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരം പേരാണ് ആന്ദ്രസിന്റെ ശവസംസ്‌കാരചടങ്ങുകളിൽ സംബന്ധിക്കാൻ ഒത്തുകൂടിയത്. ഇന്നും ഞെട്ടലോടെയാണ് കൊളംബിയ ആന്ദ്രസിനെ സ്മരിക്കുക. 2002 ൽ മെഡലിനിൽ പണ്ട് പാബ്ലോ എസ്‌കോബാറിന്റെ പ്രതിമ ഉയർന്നു നിന്ന അതേ മെഡലിനിൽ ആന്ദ്രസ് എസ്‌കോബാറിനായി വലിയൊരു പ്രതിമ ഉയർന്നു. അങ്ങനെ മെഡലിൻ അവരുടെ യഥാർത്ഥ നായകനെ തിരിച്ചറിഞ്ഞു.

എന്നും ഞെട്ടിക്കുന്ന ഓർമ്മയായി ആന്ദ്രസ് നിൽക്കുന്ന സമയത്തും കൊളംബിയിലെ സ്ഥിതി അത്ര മാറിയിട്ടൊന്നുമില്ല. ഈ കഴിഞ്ഞ ലോകകപ്പിൽ ജപ്പാനെതിരെ ചുവപ്പ് കാർഡ്‌ കണ്ട് പുറത്തായ കൊളംബിയൻ താരം കാർലോസ് സാഞ്ചസിനെ തേടിയും ഒരുപാട് മരണഭീക്ഷണികൾ എത്തി. ഈ കോപ്പ അമേരിക്കയിൽ പെനാൽറ്റി പാഴാക്കിയ താരത്തിനും കിട്ടി മരണഭീക്ഷണികൾ. ഒന്നും ചിരിച്ചു തള്ളാനാവില്ല കൊളംബിയയിൽ എന്തെന്നാൽ ആന്ദ്രസ് അതിനുളള ഉത്തരമായിരുന്നു. ഇങ്ങനെയൊക്കെയാണ് ലോകം അതിവിചിത്രമാകുന്നത്. ഇന്നും ഒരു ‘സെൽഫ് ഗോൾ’ അടിച്ചതിനു, ഒരബദ്ധത്തിനു ആന്ദ്രസ് എസ്‌കോബാറിനു സ്വന്തം ജീവൻ നൽകേണ്ടി വന്നു എന്നത് വലിയ ഞെട്ടൽ തന്നെയാണ്. സമൂഹത്താൽ, മയക്കുമരുന്ന് മാഫിയയെ കൊണ്ട്‌, ആർത്തിയാൽ, വെറുപ്പിനാൽ ആന്ദ്രസ് കൊല്ലപ്പെട്ടു. ലോകത്തിനു ഭ്രാന്തു പിടിച്ചപ്പോൾ ആന്ദ്രസ് രക്തസാക്ഷിയായി. ഒരിക്കലും ഒരിടത്തും ഒരുകാലത്തും ആവർത്തിക്കാൻ പാടില്ലാത്ത ദുരന്ദകഥയാണ് ആന്ദ്രസ് എസ്‌കോബാറിന്റേത്. ഫുട്‌ബോളിന്റെ കണ്ണീരോർമ്മയായി മാറിയ ആന്ദ്രസ് എസ്‌കോബാറിനെ ഹൃദയവേദനയോടെയല്ലാതെ ഒരു ഫുട്‌ബോൾ ആരാധകനും ഓർക്കാനാവില്ല.

Previous articleകോപയിലെ‌ പെനാൽറ്റി പിഴച്ചു, കൊളംബിയൻ താരത്തിന് വധഭീഷണി
Next articleടോട്ടൻഹാം മധ്യനിരയിലേക്ക് എൻഡോംബലെ എത്തുന്നു