ഇത് വരെ ആരാധകർ ഇല്ലാതെ നടന്ന കോപ അമേരിക്കയിൽ ഫൈനൽ കാണാൻ ചെറിയ വിഭാഗം കാണികളെ അനുവദിക്കും എന്നു സൂചന നൽകി റിയോ അധികാരികൾ. സ്റ്റേഡിയത്തിന്റെ ഏതാണ്ട് 10 ശതമാനം കാണികളെ അനുവദിക്കാൻ ആണ് റിയോ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെ വന്നാൽ 7,800 കാണികൾ അർജന്റീന, ബ്രസീൽ ഫൈനൽ മത്സരം കാണാൻ മാറക്കാനയിൽ ഉണ്ടാവും. വരുന്ന കാണികൾക്ക് ആർ.ടി.പി. സി. ആർ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട്, മുഴുവൻ സമയം ഫേസ് മാസ്ക് എന്നിവ നിർബന്ധമായിരിക്കും.
എന്നാൽ ഈ ടിക്കറ്റുകൾ കാണികൾക്ക് വിൽപ്പനക്ക് വക്കില്ല. 2,200 വീതം ടിക്കറ്റുകൾ ബ്രസീൽ, അർജന്റീന ഫുട്ബോൾ അസോസിയേഷനുകൾക്ക് ലഭിക്കുമ്പോൾ 1,100 ടിക്കറ്റുകൾ ടൂർണമെന്റിന്റെ സ്പോൺസർമാർക്ക് ആയിരിക്കും ലഭിക്കുക. ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5.30 നു ആണ് കോപ അമേരിക്ക ഫൈനൽ നടക്കുക. നീണ്ട കാലത്തെ കിരീടത്തിനു ആയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ അർജന്റീന ഇറങ്ങുമ്പോൾ ബ്രസീൽ തുടർച്ചയായ രണ്ടാം കോപ അമേരിക്ക കിരീടം ആണ് ചരിത്രം ഉറങ്ങുന്ന മാറക്കാനയിൽ ലക്ഷ്യം വക്കുന്നത്.