2020ൽ നടക്കുന്ന കോപ്പ അമേരിക്ക മത്സരങ്ങൾ അർജന്റീനയിലും കൊളംബിയയിലുമായി നടക്കും. സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ആണ് 2020ലെ മത്സരങ്ങൾക്കുള്ള വേദികൾ പ്രഖ്യാപിച്ചത്. ആദ്യമായിട്ടാണ് കോപ്പ അമേരിക്ക ടൂർണമെന്റ് രണ്ടു രാജ്യങ്ങളിൽ വെച്ച് നടക്കുന്നത്. രണ്ടു സോണുകളായാണ് 2020ലെ കോപ്പ അമേരിക്ക മത്സരങ്ങൾ നടക്കുക. സൗത്ത് സോൺ, നോർത്ത് സോൺ എന്നീ സോണുകളായി വേർതിരിച്ചാണ് മത്സരങ്ങൾ നടക്കുക. ഒരു സോണിൽ ആറ് ടീമുകളാണ് ഉണ്ടാവുക. ഒരു സോണിലെ ടീമുകൾ പരസ്പരം മത്സരിക്കുകയും ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന നാല് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുകയും ചെയ്യും.
പുതിയ രീതിയിൽ ടൂർണമെന്റിൽ മൊത്തം 38 മത്സരങ്ങൾ നടക്കും. മുൻപ് ഇത് 26 മത്സരങ്ങൾ മാത്രമായിരുന്നു. 2020 മുതൽ നാല് വർഷത്തിൽ ഒരിക്കൽ മാത്രമാവും കോപ്പ അമേരിക്ക ടൂർണമെന്റ് സംഘടിപ്പിക്കുക. ഇതുവരെ രണ്ടു വർഷത്തിൽ ഒരിക്കലാണ് കോപ്പ അമേരിക്ക ചാംപ്യൻഷിപ് നടത്തിയിരുന്നത്. യൂറോ കപ്പ് പോലെ നാല് വർഷത്തിൽ ഒരിക്കലായിരിക്കും 2020 മുതൽ കോപ്പ അമേരിക്ക.
സൗത്ത് സോണിൽ അർജന്റീനയെ കൂടാതെ ചിലി, ഉറുഗ്വ, പരാഗ്വ, ബൊളീവിയയും കൂടാതെ ഒരു ക്ഷണിക്കപ്പെട്ട രാജ്യവും ഉണ്ടാവും. നോർത്ത് ഗ്രൂപ്പിൽ ബ്രസീൽ, കൊളംബിയ, വെനിസ്വല, ഇക്വഡോർ, പെറു എന്നീ രാജ്യങ്ങൾക്ക് പുറമെ ഒരു ക്ഷണിക്കപ്പെട്ട രാജ്യവും ഉണ്ടാവും. ഈ വർഷം ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ജപ്പാനും ഖത്തറുമാണ് ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ.
 
					












