അലയന്‍സുകളുടെ മത്സരത്തില്‍ വിജയം കുറിച്ച് വൈറ്റ്സ്, ഫൈനലില്‍ എതിരാളികള്‍ യുഎസ്ടി ബ്ലൂ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2019ന്റെ ഫൈനലിലേക്ക് യോഗ്യത നേടി അലയന്‍സ് വൈറ്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ അലയന്‍സ് ബ്ലൂവിനെ 16 റണ്‍സിനു പരാജയപ്പെടുത്തിയാണ് അലയന്‍സ് വൈറ്റ്സ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ യുഎസ്ടി ബ്ലൂ ആണ് വൈറ്റ്സിന്റെ എതിരാളികള്‍. ജയിക്കുവാന്‍ 74 റണ്‍സ് പിന്തുര്‍ന്നിറങ്ങിയ ബ്ലൂവിനു 57 റണ്‍സ് മാത്രമേ നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത അലയന്‍സ് വൈറ്റ്സ് 10 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സാണ് നേടിയത്. 12 റണ്‍സ് നേടിയ സാലുവും പ്രിജിനും(10) മാത്രമാണ് വൈറ്റ്സിനു വേണ്ടി ഇരട്ടയക്കം നേടിയത്. എന്നാല്‍ ടോപ്പോര്‍ഡറില്‍ ആര്‍ക്കും തന്നെ ഇന്നിംഗ്സിനു വേഗത നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നിംഗ്സിന്റെ അവസാനത്തോടെ വിനീഷ്(8), അജാസ്(9) എന്നിവര്‍ നേടിയ റണ്‍സാണ് 73 എന്ന സ്കോറിലേക്ക് ടീമിനെ നയിച്ചത്.

Allianz Blue

മറുപടി ബാറ്റിംഗിനിറങ്ങിയ അലയന്‍സ് ബ്ലൂ 57 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഒരു ഘട്ടത്തില്‍ അവസാന നാലോവറില്‍ ജയിക്കുവാന്‍ 6 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 33 റണ്‍സായിരുന്നു അലയന്‍സ് ബ്ലൂവിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 16 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ശേഷിക്കുന്ന 6 വിക്കറ്റുകളും വീഴ്ത്തി വൈറ്റ്സ് വിജയം ഉറപ്പിച്ചു.

8.4 ഓവറിലാണ് അലയന്‍സ് ബ്ലൂ ഓള്‍ഔട്ട് ആയത്. വൈറ്റ്സിനു വേണ്ടി ചിക്കു ജേക്കബും പ്രവീണും രണ്ട് വിക്കറ്റും അശ്വിന്‍, വിനീഷ്, ബിജു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 11 റണ്‍സ് നേടിയ മഞ്ജിത്ത് മനോഹരനാണ് അലയന്‍സ് ബ്ലൂവിന്റെ ടോപ് സ്കോറര്‍. അബ്ദുള്‍ മുബാറക്ക് 10 റണ്‍സും നേടി.

തന്റെ രണ്ടോവറില്‍ 9 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട്  നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ചിക്കു ജേക്കബ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.