” ക്യാപ്റ്റൻ ഈ വിജയം നിങ്ങളുടേതാണ് “

കോപ അമേരിക്ക കിരീടം ഉയർത്തി ചരിത്രമെഴുതിയതിന് പിന്നാലെ ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് കിരീടം സമർപ്പിച്ച് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്സ്.
ക്യാപ്റ്റൻ ഈ വിജയം നിങ്ങളുടേതാണ്, നിങ്ങൾക്ക് വേണ്ടി ഈ ജയം സമർപ്പിക്കുന്നു എന്നാണ് എമി മാർട്ടിനെസ്സ് മാധ്യമങ്ങളോട് പറഞ്ഞത്. ലയണൽ മെസ്സി തന്റെ ജീവിതത്തിൽ ഏറ്റവുമധികം ആഗ്രഹിച്ചതും അർജന്റീനക്ക് വേണ്ടി ഒരു കിരീടമാണ്. ആ സ്വപ്നം യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. കോപ അമേരിക്കയിലെ അർജന്റീനയുടെ ജയത്തിന്റെ ചാലക ശക്തിയായിരുന്നു മാർട്ടിനെസ്സ്.
കോപ അമേരിക്കയിലെ ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയ എമിലിയാനോ മാർട്ടിനെസ് ഫൈനലിലും ക്ലീൻ ഷീറ്റ് കീപ്പ് ചെയ്തു. റിച്ചാളിസണിന്റെയും ഗബ്രിയേൽ ബാർബോസയുടെയും ശ്രമങ്ങളെ മാർട്ടിനെസ് തടഞ്ഞപ്പോൾ ഡി മരിയയുടെ ഗോളിൽ അർജന്റീന കിരീടം ഉയർത്തുകയായിരുന്നു. ടൂർണമെന്റിൽ നാല് ക്ലീൻ ഷിറ്റുകൾ കീപ്പ് ചെയ്ത മാർട്ടിനെസ്സ് മൂന്ന് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. സെമിയിലെ ഐതിഹാസിക ജയം നേടാൻ അർജന്റീനയെ സഹായിച്ചത് മാർട്ടിൻസിന്റെ മൂന്ന് പെനാൽറ്റി സേവുകളാണ്. മാർട്ടിനെസിന്റെ പെർഫോമൻസിനെ ഇൻസ്റ്റഗ്രാമിലൂടെ ലയണൽ മെസ്സിയും പുകഴ്ത്തിയിരുന്നു.