കോപ അമേരിക്കയിൽ തങ്ങളുടെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബ്രസീൽ ഇന്ന് പെറുവിനെ നേരിടും. ആദ്യ മത്സരത്തിൽ വെനിസ്വേലയെ തകർത്തു കൊണ്ട് തുടങ്ങിയ ബ്രസീൽ തന്നെയാണ് ഇന്നും ഫേവറിറ്റുകൾ. 2019ലെ കോപ അമേരിക്ക ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകളാണ് ബ്രസീലും പെറുവും. അന്ന് ബ്രസീൽ തോൽപ്പിച്ച പെറു ടീമിനെക്കാളും ദുർബലരാണ് ഇപ്പോഴത്തെ പെറു. കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിച്ചു എങ്കിലും പെറു അത്ര നല്ല ഫോമിൽ അല്ല. അതിനു മുന്നെയുള്ള നാലു മത്സരങ്ങളിലും പെറു പരാജയപ്പെട്ടിരുന്നു.
പെറുവിന് ഇത് ഗ്രൂപ്പിലെ ആദ്യ മത്സരമാണ്. കഴിഞ്ഞ തവണ ഉറുഗ്വേയെയും ചിലിയെയും ഒക്കെ തോൽപ്പിച്ച് ഞെട്ടിച്ച പെറു ഈ തവണ അത്തരം അത്ഭുതങ്ങൾ കാണിക്കുമോ എന്നത് കണ്ടു തന്നെ അറിയണം. ബ്രസീൽ ഇന്ന് ശക്തമായ ടീമുമായി തന്നെയാകും പെറുവിനെതിരെ ഇറങ്ങുക. ആദ്യ മത്സരത്തിൽ തന്നെ ഫോമിൽ എത്തിയ നെയ്മർ ആകും ഇന്ന് ബ്രസീൽ അറ്റാക്കിനെ നയിക്കുക. പുലർച്ചെ 5.30നാണ് പെറു ബ്രസീൽ മത്സരം. 2.30ക്ക് നടക്കുന്ന മത്സരത്തിൽ കൊളംബിയയും വെനിസ്വേലയും നേർക്കുനേർ വരും. രണ്ട് മത്സരങ്ങളും സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.