കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ പരാഗ്വയെ തോൽപ്പിച്ച് ബ്രസീൽ സെമിയിൽ എത്തിയതിന് പിന്നാലെ മത്സരം നടന്ന ഗ്രൗണ്ടിനെ വിമർശിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ രംഗത്ത്. മത്സരത്തിൽ 10 പേരുമായി പൊരുതിയ പരാഗ്വയെ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ബ്രസീൽ തോൽപ്പിച്ചത്. 4-3 എന്ന സ്കോറിനാണ് ബ്രസീൽ പരാഗ്വയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ മറികടന്നത്.
തുടർന്നാണ് പോർട്ടോ അലെഗ്രെയിലെ ഗ്രൗണ്ടിന്റെ മോശം അവസ്ഥയെ വിമർശിച്ച് ബ്രസീൽ പരിശീലകൻ രംഗത്തെത്തിയത്. ഇതുപോലുള്ള മത്സരങ്ങൾ കളിക്കാനുള്ള നിലവാരം ഗ്രൗണ്ടിന് ഉണ്ടായിരുന്നില്ലെന്ന് ടിറ്റെ പറഞ്ഞു. പന്ത് പാസ് ചെയ്യാൻ വേണ്ടി താരങ്ങൾ മൂന്ന് തവണ പന്ത് തൊടേണ്ട ആവശ്യം വന്നുവെന്നും പരിശീലകൻ പറഞ്ഞു.
രണ്ടാം പകുതിയിൽ പരാഗ്വ താരം ബാൾബാന ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയതോടെ പന്ത് പേരായി പരാഗ്വ ചുരുങ്ങിയെങ്കിലും അത് മുതലാക്കാൻ ബ്രസീലിനു ആയിരുന്നില്ല. നിരവധി അവസരങ്ങൾ ബ്രസീൽ നഷ്ടപ്പെടുത്തുകയും ചെയ്തു. തുടർന്ന് പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഗോൾ കീപ്പർ അലിസണിന്റെ രക്ഷപെടുത്തലുകളാണ് ബ്രസീലിനെ സെമിയിൽ എത്തിച്ചത്. സെമിയിൽ വെനിസ്വല – അർജന്റീന മത്സരത്തിലെ ജേതാക്കളെയാവും ബ്രസീൽ നേരിടുക.