പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു അർജന്റീനയും ബ്രസീലും തമ്മിൽ ഒരു കോപ്പ അമേരിക്ക മത്സരത്തിൽ പരസ്പരം ഇന്ന് ഏറ്റുമുട്ടിയത്. 2007 കോപ്പ അമേരിക്ക ഫൈനലിൽ ആയിരുന്നു ഇതിനു മുൻപ് ഇരു രാജ്യങ്ങളും തമ്മിൽ കോപ്പയിൽ മത്സരിച്ചത്. അർജന്റീനക്ക് വേണ്ടി റിക്വൽമെ നിറഞ്ഞാടിയ ടൂർണമെന്റിൽ പക്ഷെ ബ്രസീലിനായിരുന്നു വിജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു കാനറികൾ അന്ന് അർജന്റീനയെ തോൽപ്പിച്ചു കപ്പുയർത്തിയത്.
12 വർഷങ്ങൾക്ക് ശേഷം 2019 കോപ്പയിലെ സെമി ഫൈനലിലും വിജയം ബ്രസീലിനൊപ്പം നിന്നപ്പോൾ, അന്ന് ഫൈനൽ കളിച്ചവരിൽ നിന്നും ഇപ്പോഴും ടീമിൽ ഉള്ളത് രണ്ടേ രണ്ടു പേര് മാത്രമാണ്. ബ്രസീലിൽ ഡാനി ആൽവസും അർജന്റീനയിൽ ലയണൽ മെസ്സിയും.
മെസ്സിയുടെയും ഡാനി ആൽവസിന്റെയും ആദ്യത്തെ കോപ്പ അമേരിക്ക ആയിരുന്നു 2007ലേത്. 2007 ഫൈനലിൽ ഒരു ഗോൾ നേടി തിളങ്ങിയ ആൽവസ് ഇന്നത്തെ സെമിയിലും മികച്ച പ്രകടനം പുറത്തെടുത്തു. ബ്രസീലിന്റെ ആദ്യ ഗോൾ ഒരുക്കിയത് ആല്വസ് ആയിരുന്നു. കഴിഞ്ഞ തവണ പോലെ മെസ്സിക്ക് ഈ മത്സരത്തിലും തിളങ്ങാനായില്ല.
2020ൽ ആണ് അടുത്ത കോപ്പ അമേരിക്ക നടക്കുന്നത്. വീണ്ടുമൊരു ബ്രസീൽ – അർജന്റീന പോരാട്ടം വരികയാണെങ്കിൽ 36കാരനായ ആൽവസും 32 വയസ് പ്രായമുള്ള മെസ്സിയും കളിക്കുമോ എന്ന് കണ്ടറിയാം.