കോപ അമേരിക്കയിൽ ഇന്ന് അർജന്റീനയ്ക്ക് അതു നിർണായക പോരാട്ടമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് ഖത്തറിനെ ആണ് അർജന്റീന ഇന്ന് നേരിടുന്നത്. കരുത്തരായ കൊളംബിയയെ സമനിലയിൽ പിടിച്ചാണ് ഖത്തർ വരുന്നത്. ഇന്ന് വിജയിച്ചില്ല എങ്കിൽ അർജന്റീന ക്വാർട്ടർ കാണില്ല.
ആദ്യ മത്സരത്തിൽ കൊളംബിയയോട് തോൽക്കുകയും രണ്ടാം മത്സരത്തിൽ പരാഗ്വേയോട് സമനില വഴങ്ങുകയും ചെയ്തിരുന്ന അർജന്റീന ഇപ്പോൾ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ നിന്ന് 1 പോയന്റ് മാത്രമാണ് അർജന്റീനയ്ക്ക് ഇപ്പോൾ ഉള്ളത്. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഖത്തറിനെ അർജന്റീന തോൽപ്പിച്ചാൽ പോലും രണ്ടാം സ്ഥാനം അർജന്റീനയ്ക്ക് ഉറപ്പില്ല. ഇന്ന് ഗ്രൂപ്പിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ കൊളംബിയ പരാഗ്വേയെ തോൽപ്പിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് രണ്ടാം സ്ഥാനം ഉറപ്പിക്കാനാവു. മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിൽ എത്തേണ്ടി വന്നാൽ അർജന്റീനയ്ക്ക് മുന്നിൽ വേറെ ഒരു കടമ്പ കൂടിയുണ്ടാകും.
ബ്രസീലിനെ ക്വാർട്ടറിൽ നേരിടേണ്ട ദുരവസ്ഥ അർജന്റീനയ്ക്ക് ഉണ്ടാകും. ഗ്രൂപ്പ് ബിയിലെയോ സിയിലെയോ മൂന്നാം സ്ഥാനക്കാരെയാണ് ബ്രസീലിന് ക്വാർട്ടറിൽ നേരിടേണ്ടത്. അഥവാ ബ്രസീൽ ഒഴിഞ്ഞാലും അർജന്റീനയ്ക്ക് ആശ്വസിക്കാൻ കഴിയില്ല. ബ്രസീൽ അല്ലാ എങ്കിൽ ചിലി ആയിരിക്കും അർജന്റീനയുടെ എതിരാളികൾ. അതുകൊണ്ട് തന്നെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനം മാത്രമായിരിക്കും ഇന്നത്തെ അർജന്റീനയുടെ ലക്ഷ്യം.