കോപ അമേരിക്ക കിരീടം വീണ്ടും അർജന്റീനയിലേക്ക്. തുടർച്ചയായ രണ്ടാം തവണയും അർജന്റീന കോപ കിരീടം നേടി. ഇന്ന് എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തിൽ 1-0 എന്ന സ്കോറിനായിരുന്നു അർജന്റീനയുടെ വിജയം. അർജന്റീനയുടെ 16ആം കോപ അമേരിക്കൻ കിരീടമാണിത്.
ഇന്ന് സുരക്ഷാ കാരണങ്ങളാൽ ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും നല്ല ഫുട്ബോൾ കാഴ്ചവെച്ചു. കൊളംബിയ ആണ് ആദ്യ പകുതിയിൽ കൂടുതൽ മികച്ചു നിന്നത് എന്ന് പറയാം. ലയണൽ മെസ്സി പരിക്കിനോട് പൊരുതേണ്ടി വന്നത് അർജന്റീനക്ക് കാര്യം എളുപ്പമായില്ല.
രണ്ടാം പകുതിയിലും മെസ്സി പരിക്ക് കാരണം ബുദ്ധിമുട്ടി. 66ആം മിനുട്ടിൽ മെസ്സി പരിക്ക് കാരണം കളം വിട്ടു. രണ്ടാം പകുതിയിൽ തുടക്കത്തിൽ ഡി മരിയയുടെ ഒരു ഷോട്ട് വാർഗാസ് സേവ് ചെയ്തു. 75ആം മിനുട്ടിൽ നികോ ഗോൺസാലസ് അർജന്റീനക്ക് ആയി ഗോൾ നേടി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു.
നിശ്ചിത സമയത്ത് ഗോൾ വന്നില്ല. കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിൽ അർജന്റീന ലൗട്ടാരോ മാർട്ടിനസിനെ കളത്തിൽ എത്തിച്ചു. ലൗട്ടാരോ തന്നെ അർജന്റീനയുടെ വിജയശില്പിയായി. മത്സരത്തിന്റെ 112ആം മിനുട്ടിൽ ലൗട്ടാരോ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ലൊ സെൽസോയുടെ പാസ് സ്വീകരിച്ച ശേഷമായിരുന്നു ലൗട്ടാരോയുടെ ഫിനിഷ്.
ഇതിന് ശേഷം നന്നായി ഡിഫൻഡ് ചെയ്ത് കിരീടം തങ്ങളുടേതാണെന്ന് ഉറപ്പിക്കാൻ അർജന്റീനക്ക് ആയി. അവസാന രണ്ട് വർഷത്തിൽ കൊളംബിയ തോൽക്കുന്ന ആദ്യ മത്സരമാണിത്