മുൻ ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടെ ഫുട്‌ബോളിലേക്ക് തിരിച്ചെത്തുന്നു. അടുത്ത സീസണിൽ ഏതെങ്കിലും ഒരു ടീമിന്റെ പരിശീലകനായി താൻ എത്തുമെന്ന് അദ്ദേഹം വ്യക്തമായ സൂചന നൽകി. കഴിഞ്ഞ സീസൺ അവസാനം ചെൽസി പുറത്താക്കിയ കോണ്ടെ പിന്നീട് മറ്റൊരു ടീമിന്റെ പരിശീലകനായിട്ടില്ല.
60 ശതമാനവും താൻ ഇറ്റലിയിലെ ഒരു ടീമിനെ പരിശീലിപ്പിക്കാനാണ് സാധ്യത, 30 ശതമാനം വിദേശത്തും, 10 ശതമാനം താൻ ഇതേ പോലെ തുടരാനാണ് സാധ്യത എന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്. ഇന്റർ മിലാൻ, റോമ, പി എസ് ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾ അദ്ദേഹത്തെ നോട്ടമിടുന്നതായി വാർത്തകൾ ഉണ്ട്. ഏത് ടീം ആണെങ്കിലും കിരീട സാധ്യതക്ക് വേണ്ടി പണം മുടക്കാൻ തയ്യാറുള്ള ടീമിനെയേ ഏറ്റെടുക്കൂ എന്ന് കോണ്ടെ മുൻപ് പല തവണ വ്യക്തമാക്കിയതാണ്.
ഇറ്റലിയിൽ 3 തവണ സീരി എ കിരീടം യുവന്റസിന് ഒപ്പം നേടിയ കോണ്ടെ ഇംഗ്ലണ്ടിൽ ചെൽസിക്ക് ഒപ്പം പ്രീമിയർ ലീഗ്, എഫ് എ കപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്.