കോപ്പ അമേരിക്ക ടൂർണ്ണമെന്റിനെതിരെ ആരോപണം ഉന്നയിച്ച പ്രസിഡന്റ് ക്ലോഡിയോ ടാപിയയെ തീരുമാനങ്ങൾ എടുക്കാനുള്ള ഫിഫ കൗൺസിലിൽ നിന്ന് നീക്കം ചെയ്തത് സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ. നിലവിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ആയ ടാപിയ കോപ്പ അമേരിക്കയിലെ മോശം റഫറിയിങ്ങിന്റെ പേരിൽ സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷന് തുറന്ന് കത്ത് എഴുതിയിരുന്നു.
മോശം റഫറിയിങ്ങും ഗ്രൗണ്ടിന്റെ മോശം അവസ്ഥയും കോപ്പ അമേരിക്കയിൽ അർജന്റീനയുടെ സാധ്യതകൾ ഇല്ലാതാക്കിയെന്ന് ബ്രസീലിനെതിരെയുള്ള സെമി ഫൈനലിന് ശേഷം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞിരുന്നു. തുടർന്ന് സൂപ്പർ താരം ലിയോണൽ മെസ്സിയും ഇതേ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ടൂർണമെന്റിൽ അഴിമതി ഉണ്ടെന്നും ഇതിന്റെ ഭാഗമാവാൻ ഉദ്ദേശിക്കുന്നില്ലെന്നും മെസ്സി പറഞ്ഞിരുന്നു. തുടർന്ന് ഈ പ്രസ്താവനകൾക്കെതിരെ മെസ്സി മാപ്പ് പറഞ്ഞിരുന്നു. ഫിഫയിലേക്കുള്ള പുതിയ അംഗത്തെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്ന് സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.