ക്രിക്കറ്റ് താരങ്ങളുടെ അസോസ്സിയേഷന് ബിസിസിഐ അനുമതി

ജൂലൈ 5 2019ന് ആരംഭിച്ച ക്രിക്കറ്റര്‍മാരുടെ അസോസ്സിയേഷന് – ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന്‍ (ഐസിഎ) – ബിസിസിഐയുടെ അംഗീകാരം. ബിസിസിഐ തങ്ങളുടെ വെബ്ബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ബോര്‍ഡുകളോടൊപ്പം താരങ്ങളുടെ ഒരു അസോസ്സിയേഷന്‍ ഉള്ള ബോര്‍ഡ് കൂടിയായി ബിസിസിഐ. നിലവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, ക്രിക്കറ്റ് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ താരങ്ങളുടെ സംഘടനകളുണ്ട്. എന്നാല്‍ ഇന്ത്യയിലെ സംഘടന മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടിയുള്ളത് മാത്രമാണ്.

അംഗത്വത്തിനായി ബിസിസിഐയുടെ ചില നിബന്ധനകളുണ്ട്. ഒരു അന്താരാഷ്ട്ര മത്സരമെങ്കിലും കളിച്ച താരങ്ങള്‍ക്ക് അല്ലെങ്കില്‍ പുരുഷ താരമാണെങ്കില്‍ പത്ത് ഫസ്റ്റ് ക്ലാസ്സ് മത്സരമെങ്കിലും സീനിയര്‍ തലത്തിലും വനിത താരമാണെങ്കില്‍ കുറഞ്ഞത് അഞ്ച് ഫസ്റ്റ് ക്ലാസ്സ് മത്സരമെങ്കിലും കളിച്ചിരിക്കണം എന്നിങ്ങനെയാണ് ചില നിബന്ധനകള്‍.