യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിയിൽ ലെസ്റ്റർ സിറ്റി, എ.എസ് റോമ മത്സരം 1-1 നു സമനിലയിൽ അവസാനിച്ചു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റി ആധിപത്യം ആണ് കാണാൻ ആയത്. തുടക്കത്തിൽ ലെസ്റ്ററിന് ചില അവസരങ്ങൾ ലഭിച്ചു എങ്കിലും 15 മത്തെ മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിൽ റോമ ഗോൾ നേടി. യുവ താരം നിക്കോള സെലൻസ്കി നൽകിയ പാസിൽ നിന്നു മികച്ച ഒരു ഷോട്ടിലൂടെ ക്യാപ്റ്റൻ ലോറൻസോ പെല്ലഗ്രിനി ആണ് അവർക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചത്.
തുടർന്ന് ജെയിംസ് മാഡിസൻ ലെസ്റ്ററിനെ മത്സരത്തിൽ തിരിച്ചു കൊണ്ടു വരാൻ നിരവധി ശ്രമങ്ങൾ ആണ് നടത്തിയത്. ആദ്യ പകുതിയിൽ മാത്രം 5 ഷോട്ടുകൾ ആണ് താരം ഉതിർത്തത്. എന്നാൽ മൗറീന്യോയുടെ ടീം മികച്ച രീതിയിൽ പ്രതിരോധിച്ചു. രണ്ടാം പകുതിയിൽ ഹാർവി ബാർൺസ് വന്നതോടെ ലെസ്റ്റർ അക്രമത്തിനു മൂർച്ച കൂടി. 67 മത്തെ മിനിറ്റിൽ ബാർൺസിന്റെ പാസിൽ നിന്നു ലുക്മാൻ അടിച്ച ഷോട്ട് ജിയാൻലുക മാഞ്ചിനിയുടെ കാലിൽ തട്ടി ഗോൾ ആയതോടെ ലെസ്റ്റർ സമനില പിടിച്ചു. ഒരാഴ്ചക്ക് ശേഷം റോമിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ ലെസ്റ്ററിന് ജയിക്കാൻ വലിയ പരിശ്രമം തന്നെ നടത്തേണ്ടി വരും.