തങ്ങളെ യൂറോപ്പ ലീഗ് കളിക്കാൻ യുവേഫ അനുവദിക്കാത്തതിനു ക്രിസ്റ്റൽ പാലസ് കാസിന്(CAS) നൽകിയ അപ്പീൽ പരാജയപ്പെട്ടു. യുവേഫയുടെ മൾട്ടി ക്ലബ് നിയമത്തിനു വിരുദ്ധം ആയതിനാൽ ക്രിസ്റ്റൽ പാലസിനെ യുഫേഫ യൂറോപ്പ ലീഗ് കളിക്കാൻ അനുവദിക്കില്ലെന്നായിരുന്നു യുവേഫ തീരുമാനം. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു എഫ്.എ കപ്പ് ജേതാക്കൾ ആയതോടെയാണ് ക്രിസ്റ്റൽ പാലസിന് യൂറോപ്പ ലീഗ് കളിക്കാൻ യോഗ്യത കിട്ടിയത്. നിലവിൽ പാലസിന്റെ 43.9 ശതമാനം ഉടമ ജോൺ ടെക്സ്റ്ററിന്റെ ഈഗിൾ ഫുട്ബോൾ ഹോൾഡിങ്സിനു ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിലും 77 ശതമാനം ഉടമസ്ഥതയുണ്ട്. ലിയോണിനും യൂറോപ്പ ലീഗ് യോഗ്യത ഉള്ളതിനാൽ ആണ് പാലസിന് യൂറോപ്പ ലീഗ് കളിക്കാനുള്ള അനുമതി യുവേഫ നിഷേധിച്ചത്.
ഇതിനു എതിരെ ആയിരുന്നു പാലസിന്റെ അപ്പീൽ പക്ഷെ യുവേഫയുടെ തീരുമാനം കോടതി ശരി വെക്കുക ആയിരുന്നു. യുവേഫ നിയമപ്രകാരം ഒരേ ഉടമകൾക്ക് 30 ശതമാനത്തിൽ കൂടുതൽ ഉടമസ്ഥത രണ്ടു ക്ലബുകളിൽ ഉണ്ടെങ്കിൽ രണ്ടു ടീമിനും അവരുടെ ഒരേ ടൂർണമെന്റിൽ പങ്കെടുക്കാൻ ആവില്ല. നിലവിൽ ഫ്രഞ്ച് ലീഗിൽ ആറാം സ്ഥാനത്ത് എത്തിയ ലിയോൺ പ്രീമിയർ ലീഗിൽ 12 മത് ആയ പാലസിനെ യോഗ്യതയുടെ കാര്യത്തിലും മറികടക്കുക ആയിരുന്നു. ജോൺ ടെക്സ്റ്ററിനു ക്ലബിന്റെ നടത്തിപ്പിൽ വലിയ പങ്ക് ഇല്ല എന്ന പാലസിന്റെ വാദം യുവേഫയും കോടതിയും നിലവിൽ അംഗീകരിച്ചില്ല. ഇതോടെ പാലസിനെ യുഫേഫ കോൺഫറൻസ് ലീഗിലേക്ക് തരം താഴ്ത്തിയ യുവേഫ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്ത് എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിനു യൂറോപ്പ ലീഗിലേക്ക് സ്ഥാനകയറ്റവും നൽകിയിരുന്നു. ഇന്നലെ ലിവർപൂളിനെ തോൽപ്പിച്ചു എഫ്.എ കമ്മൂണിറ്റി ഷീൽഡ് നേടിയ പാലസിന് ഇതോടെ ഉടൻ തന്നെ കോൺഫറൻസ് ലീഗ് യോഗ്യത മത്സരങ്ങൾ കളിക്കേണ്ടി വരും.