യുഫേഫ കോൺഫറൻസ് ലീഗ് സെമി ഫൈനലിലേക്ക് മുന്നേറി സ്വിസ് ക്ലബ് എഫ്.സി ബേസൽ. ഫ്രഞ്ച് ക്ലബ് നീസിനെ ഇരു പാദങ്ങളിലും ആയി 4-3 എന്ന സ്കോറിനു ആണ് സ്വിസ് ക്ലബ് മറികടന്നത്. ആദ്യ പാദത്തിൽ 2-2 നു സമനില വഴങ്ങിയ മത്സരത്തിൽ നീസ് ആണ് സ്വന്തം മൈതാനത്ത് ഇന്ന് മുന്നിൽ എത്തിയത്. ഒമ്പതാം മിനിറ്റിൽ ആരോൺ റംസിയുടെ പാസിൽ നിന്നു ഗയിറ്റൻ ലബോർഡെ ഫ്രഞ്ച് ക്ലബിന് മുൻതൂക്കം നൽകി. രണ്ടാം പകുതിയുടെ 85 മത്തെ മിനിറ്റ് വരെ ഈ മുൻതൂക്കം അവർ തുടർന്നു.

എന്നാൽ 86 മത്തെ മിനിറ്റിൽ സ്വിസ് ക്ലബ് മത്സരത്തിൽ ഒപ്പമെത്തി. റികാർഡോ കാലഫിയോറിയുടെ ഹെഡർ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജീൻ-കെവിൻ ഓഗസ്റ്റിൻ അവർക്ക് ആയി സമനില ഗോൾ നേടി മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീട്ടി. തുടർന്ന് എക്സ്ട്രാ സമയത്ത് 98 മത്തെ മിനിറ്റിൽ ഡാരിയൻ മലസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ പ്രതിരോധനിര താരം കാസിം ആദംസ് ബേസലിന് വിലപ്പെട്ട ജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ സെമിഫൈനലിൽ ബേസൽ ഇറ്റാലിയൻ ടീം ഫിയറന്റീനയെ ആണ് നേരിടുക.














