ജോസെ മൗറീനോയ്ക്കും റോമയ്ക്കും ഇന്നത്തെ രാത്രി അവർ ഓർക്കാൻ ആഗ്രഹിക്കാത്ത രാത്രിയായി മാറിയിരിക്കുകയാണ്. കോൺഫറൻസ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നോർവീജിയൻ ചാമ്പ്യന്മാരായ ബോഡോ ഗ്ലിംറ്റ് റോമയെ നാണം കെടുത്തി എന്ന് തന്നെ പറയാം. ഇന്ന് 6-1ന്റെ വിജയമാണ് ഗ്ലിംറ്റ് ഇന്ന് നേടിയത്. ജോസെ മൗറീനോ തന്റെ മാനേജീരിയൽ കരിയറിൽ ഇതാദ്യമായാണ് 6 ഗോളുകൾ വഴങ്ങുന്നത്. റോമയ്ക്ക് ആണെങ്കിൽ ഇത് അവരുടെ യൂറോപ്പിലെ വലിയ നാലു പരാജയങ്ങളിൽ ഒന്നുമാണ്.
ഇന്ന് ആദ്യ 20 മിനുട്ടിൽ തന്നെ നോർവീജിയൻ ക്ലബ് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ബോതിയിമും ബെർഗുമാണ് ആദ്യ രണ്ട് ഗോളുകൾ നേടിയത്. 28ആം മിനുട്ടിൽ കാർലസ് പെരസ് ഒര് ഗോൾ മടക്കിയെപ്പോൾ റോമക്ക് ഒരു പ്രതീക്ഷ നൽകിയെങ്കിലും പിന്നെ റോമക്ക് പിടിച്ചു നിൽക്കാൻ പോലും ആയില്ല. രണ്ടാം പകുതിയിൽ ബോതിം രണ്ട് ഗോളുകൾ കൂടെ നേടി ഹാട്രിക്ക് പൂർത്തിയാക്കി. ഇത് കൂടാതെ സോൽബക്കൻ, പെല്ലെഗ്രിനോ എന്നിവരും രണ്ടാം പകുതിയിൽ ഗോൾ നേടി. കോൺഫറൻസ് ലീഗിലെ റോമയുടെ ആദ്യ പരാജയമാണിത്.