ഇംഗ്ലണ്ടി ഇന്ന് പുതിയ ഫുട്ബോൾ സീസൺ തുടങ്ങും, കമ്മ്യൂണിറ്റി ഷീൽഡിനായി ലിവർപൂൾ ആഴ്സണൽ പോരാട്ടം

- Advertisement -

ഇംഗ്ലണ്ടിൽ പുതിയ ഫുട്ബോൾ സീസണ് ഇന്ന് തുടക്കമാവുകയാണ്. ഫുട്ബോൾ സീസണ് ഇംഗ്ലണ്ടിൽ എന്നും തുടക്കമാകുന്നത് കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തോടെയാണ്. കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരും എഫ് എ കപ്പ് ചാമ്പ്യന്മാരും തമ്മിലാണ് കമ്മ്യൂണിറ്റി ഷീൽഡിനായി മത്സരിക്കുന്നത്. ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും എഫ് എ കപ്പ് വിജയികളായ ആഴ്സണലും ആണ് വെംബ്ലിയിൽ വെച്ച് ഇന്ന് ഏറ്റുമുട്ടുക.

പ്രീസീസൺ മത്സരമായി തന്നെ കൂട്ടുന്നത് കൊണ്ട് ആവശ്യമുള്ളത്ര സബ്സ്റ്റിട്യൂട്ടുകൾ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ടീമുകൾക്ക് നടത്താൻ ആകും. മത്സരം സമനിലയിൽ ആണെങ്കിൽ എക്സ്ട്രാ ടൈം ഇല്ലാതെ പെനാൾട്ടിയിലേക്കും പോകും. ഓസ്ട്രിയയിൽ പ്രീസീസൺ കഴിഞ്ഞാണ് ലിവർപൂൾ എത്തുന്നത്‌. പ്രമുഖരൊക്കെ ലിവർപൂളിന് വേണ്ടി കളത്തിൽ ഇറങ്ങും. പരിക്കേറ്റ വാൻ ഡൈക് പക്ഷെ ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല.

ഇതിനു മുമ്പ് മൂന്ന് തവണ ആഴ്സണലും ലിവർപൂളും കമ്മ്യൂണിറ്റി ഷീൽഡിൽ നേർക്കുനേർ വന്നിട്ടുണ്ട്. രണ്ട് തവണ ലിവർപൂളും ഒരു തവണ ആഴ്സണലും ആ ഏറ്റുമുട്ടലുകളിൽ കിരീടം നേടി. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.

Advertisement