പുതുക്കിയ ഫോർമ്മാറ്റുമായി ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് വരുന്നു. 2021 മുതൽ 24 ടീമുകളെ ഉൾകൊള്ളിച്ചു നാലു വർഷത്തിൽ ഒരിക്കൽ ലോകകപ്പ് നടത്താൻ ആണ് ഫിഫ ശ്രമിക്കുന്നത്. നിലവിൽ വർഷം തോറും നടത്തി വരുന്ന ലോകക്കപ്പിൽ 7 ടീമുകൾ ആണ് മത്സരിക്കുന്നത്. പുതിയ ക്ലബ്ബ് ലോകകപ്പ് വരുന്നതോടുകൂടി ഈ ടൂർണമെന്റ് അവസാനിപ്പിക്കും. കോൺഫെഡറേഷൻ കപ്പിനും അവസാനമാകുമെന്നാണ് സൂചന. 1.5 ബില്യൻ പൗണ്ട് തുക ആണ് സമ്മാനത്തുകയായി ഫിഫ നൽകാൻ ഒരുങ്ങുന്നതെന്നറിയുന്നു.
യൂറോപ്പിൽ നിന്നും 12 ടീമുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്ലബ്ബ് ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് 4 വർഷം യൂറോപ്യൻ കിരീടം നേടിയ ടീമുകളെയാവും ടൂർണമെന്റിൽ പങ്കെടുപ്പിക്കുക. അതുകൊണ്ട് തന്നെ റയൽ മാഡ്രിഡും ലിവർപൂളും ഇപ്പോൾ തന്നെ ക്ലബ്ബ് ലോകകപ്പിനായി യോഗ്യത നേടിക്കഴിഞ്ഞു. എലൈറ്റ് ടീമുകളെ ഉൾക്കൊള്ളിച്ചുള്ള യൂറോപ്യൻ സൂപ്പർ ലീഗല്ല ഇതെന്നാണ് ഫിഫയുടെ പ്രഖ്യാപനം. ലാറ്റിനമേരിക്കൻ ടീമുകളെയും ക്ലബ്ബ് ലോകകപ്പിൽ പ്രതീക്ഷിക്കാം.
ക്ലബ്ബ് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ നീക്കത്തിനെതിരെ യുവേഫ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളുടെ പ്രാധാന്യം കുറയ്ക്കുമോ എന്നാണ് യുവേഫയുടെ പേടി.