രണ്ടാഴ്ചത്തെ രാജ്യാന്തർ ഫുട്ബോളിനായുള്ള ഇടവേള കഴിഞ്ഞ് ക്ലബ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുകയാണ്. ഇന്ത്യയിൽ ഇന്ന് ഐ എസ് എൽ മത്സരങ്ങൾ ആരംഭിക്കും എങ്കിലും യൂറോപ്പിൽ വാരാന്ത്യത്തിലാണ് ലീഗുകൾ തുടങ്ങുക. ലീഗ് മത്സരങ്ങൾ തുടങ്ങുന്ന ശനിയാഴ്ച തന്നെ വൻ പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത്. പ്രീമിയർ ലീഗിൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ശനിയാഴ്ച ഏറ്റുമുട്ടും. മൗറീനോയുടെ ഭാവിക്കും നിർണായകമാകും ഈ പോരാട്ടം.
ഇറ്റലിയിൽ മിലാൻ ഡെർബിയും ശനിയാഴ്ച നടക്കും. ഇന്റർ മിലാനും എ സി മിലാനും സ്ഥിരത കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്നതുകൊണ്ട് തന്നെ ഈ പോരാട്ടവും കനക്കും. സ്പെയിനിൽ ലീഗ് തലപ്പത്തുള്ളവർ തമ്മിലാണ് മത്സരം. ഇപ്പോൾ ഒന്നാമത് ഉള്ള സെവിയ്യ രണ്ടാമത് ഉള്ള ബാഴ്സലോണയെ നേരിടും. മോശം ഫോമിലുള്ള ബാഴ്സക്ക് ഇനിയും പോയന്റുകൾ നഷ്ടപ്പെടുത്താൻ താല്പര്യം ഉണ്ടാകില്ല.
സ്പെയിനിൽ മറ്റൊരു മത്സരത്തിൽ വിയ്യാറയൽ അത്ലറ്റിക്കോ മാഡ്രിഡിനെയും നേരിടും. ജർമ്മനിയിൽ വോൾവ്സ്ബർഗ് ബയേൺ മ്യൂണിച്ച് പോരാട്ടവും ഉണ്ട്. വിജയിച്ച കാലം മറന്ന ബയേണ് ഇനിയും ജയിക്കാൻ ആയില്ല എങ്കിൽ പരിശീലകന്റെ ജോലി പോയേക്കും.